Latest News

ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫിസിന് മുന്നില്‍ പ്രതിഷേധം

ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫിസിന് മുന്നില്‍ പ്രതിഷേധം
X

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫിസിന് മുന്നില്‍ പ്രതിഷേധം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫിസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്റെ ഭാര്യ അമൃത, അമൃതയുടെ പിതാവ്‌ രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും പിതാവ് രവി പറഞ്ഞു.

ഇന്ന് രാവിലെ ആണ് നമ്പി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫിസിന് മുന്നിലെത്തിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരായ പ്രതിഷേധം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റസ് ഓഫിസിന് മുന്നില്‍ നടത്തികൊണ്ടാണ് നമ്പി രാജേഷിന്റെ ബന്ധുക്കള്‍ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പോലിസ് എത്തി.

ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു.വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വിസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി.

ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. കരമന സ്വദേശിയാണ് രാജേഷ്. പ്രതിഷേധത്തിനുശേഷമായിരിക്കും മറ്റു ചടങ്ങുകള്‍ നടക്കുക. കരമനയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Next Story

RELATED STORIES

Share it