Latest News

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നു
X

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവന്‍ന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘര്‍ഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികള്‍ തുടരുമെന്ന് ജോ ബൈഡന്‍ എക്‌സില്‍ പ്രതികരിച്ചു. യുഎന്‍ സുരക്ഷാ സമിതിയും വിഷയം ചര്‍ച്ച ചെയ്യുകയാണ്. ഇറാനും ഇസ്രായേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതേ സമയം ഇസ്രായേലിന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇറാന്‍ അതീവ ജാഗ്രതയിലാണ്.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യത്തിനിടെ മേഖലയിലെ സ്ഥിതിഗതികള്‍ ഖത്തറും യുഎഇയും ചര്‍ച്ച ചെയ്തു. സംഘര്‍ഷം വ്യാപിക്കാതെ തടയേണ്ടത് അനിവാര്യമാണെന്ന് ഖത്തര്‍ അമീറും യുഎഇ പ്രസിഡന്റും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ വിലയിരുത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മിലാണ് ചര്‍ച്ച നടത്തിയത്. മേഖലയിലെ സാഹചര്യം ഇരുവരും വിലയിരുത്തി. ഗസയില്‍ വെടിനിര്‍ത്തലും ശാശ്വത പരിഹാരവും അനിവാര്യമാണെന്നും നേതാക്കള്‍ നിലപാടെടുത്തു. മേഖലയുടെ സമാധാന അന്തരീക്ഷത്തിന് ഇത് അനിവാര്യമാണെന്നും വിലയിരുത്തി.

അതിനിടെ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും വിഷയം പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. നിലവില്‍ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് കന്പനി വ്യക്തമാക്കുന്നത്. കപ്പലിലെ ജീവനക്കാരായ മലയാളികളില്‍ ചിലര്‍ ഇന്നലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. മോചനം സംബന്ധിച്ച് ഇന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണമുണ്ടായേക്കും.

Next Story

RELATED STORIES

Share it