Latest News

ഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതി​നെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം; ജീവനക്കാ​രെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ഗസ  കൂട്ടക്കുരുതിയെ സഹായിക്കുന്നതി​നെതിരെ ഗൂഗിള്‍  ഓഫിസുകളിൽ വൻ സമരം; ജീവനക്കാ​രെ കൂട്ടത്തോടെ പിരിച്ചുവിട്ടു
X

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ഗൂഗ്‌ളിന്റെ നീക്കത്തിനെതിരെ ജീവനക്കാരുടെ നേതൃത്വത്തില്‍ യുഎസിലെ ഗൂഗ്‌ളിന്റെ ഓഫിസില്‍ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്‌ലിലെയും ഓഫിസുകളില്‍ 100ലേറെ ജീവനക്കാര്‍ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ചയാണ് സംഭവം. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നല്‍കിയതിന് 28 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഗൂഗ്ള്‍ അറിയിപ്പ് പുറത്തിറക്കി.

ഇസ്രായേലും ഗൂഗിളും ആമസോണും തമ്മില്‍ പ്രൊജക്റ്റ് നിംബസ് എന്ന പേരില്‍ 1.2 ബില്യണ്‍ ഡോളറിന്റെ നിര്‍മിതബുദ്ധി, നിരീക്ഷണ സംവിധാനത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. യുദ്ധത്തിനും സൈനികനിരീക്ഷണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ഈ പദ്ധതിക്കെതിരെ 'നോ ടെക് ഫോര്‍ അപാര്‍ത്തീഡ്' എന്ന വംശീയവിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ടെക്കികളുടെ സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

ഇന്നലത്തെ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം ഐതിഹാസികമായിരുന്നുവെന്ന് നോ ടെക് ഫോര്‍ അപാര്‍ത്തീഡ് വക്താവ് ജെയ്ന്‍ ചുങ് പ്രസ്താവനയില്‍ പറഞ്ഞു. 'നോ ടെക് ഫോര്‍ ജെനോസൈഡ് ഡേ ഓഫ് ആക്ഷന്‍' എന്ന പേരിലാണ് സമരം നടത്തിയത്. പ്രതിഷേധങ്ങളുടെയും ജീവനക്കാരെ പോലിസ് അറസ്റ്റ് ചെയ്യുന്നതിന്റെയും നിരവധി വീഡിയോകളും ലൈവ് സ്ട്രീമുകളും സമരക്കാര്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമ്പരാഗത അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചാണ് ഫലസ്തീന് പിന്തുണയുമായി ജീവനക്കാര്‍ സമരത്തിനെത്തിയത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ക്ലൗഡ് യൂണിറ്റ് സിഇഒ തോമസ് കുര്യനും വംശഹത്യയുടെ ലാഭം കൊയ്യുന്നവരാണെന്ന് സമരക്കാര്‍ ആരോപിച്ചു.

പ്രൊജക്റ്റ് നിംബസ് സാങ്കേതികവിദ്യ ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ആയുധമാക്കുമെന്ന ആശങ്ക ഗൂഗ്‌ളിലെ സാങ്കേതിക വിദഗ്ധര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതേസമയം, സമരത്തില്‍ നേരിട്ട് പങ്കെടുക്കാത്ത തൊഴിലാളികളെയടക്കം പിരിച്ചുവിട്ടതായി ഇവര്‍ അറിയിച്ചു.

കാലിഫോര്‍ണിയയിലെ സിഇഒ ഓഫിസില്‍ അതിക്രമിച്ചുകടന്നതിനാണ് പിരിച്ചുവിടല്‍ നടപടിയെന്ന് ഗൂഗ്ള്‍ ഗ്ലോബല്‍ സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ക്രിസ് റാക്കോവ് അറിയിപ്പില്‍ പറഞ്ഞു. ഓഫിസ് സ്ഥലങ്ങള്‍ കൈയേറി, സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി, ഗൂഗ്‌ളര്‍മാരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പെരുമാറ്റം അസ്വീകാര്യവും അങ്ങേയറ്റം വിനാശകരവും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതുമായിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it