Sub Lead

അമീര്‍ സര്‍ഫറാസിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്ക് സംശയിക്കുന്നു: പാക് ആഭ്യന്തരമന്ത്രി

അമീര്‍ സര്‍ഫറാസിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്ക് സംശയിക്കുന്നു: പാക് ആഭ്യന്തരമന്ത്രി
X

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ കൊലയാളികളില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍ വെടിയേറ്റു മരിച്ചതിനു പിന്നില്‍ ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നെന്ന് പാക്ക് ആഭ്യന്തരമന്ത്രി മെഹ്‌സീന്‍ നഖ്‌വി. മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്‌വി പറഞ്ഞു. പാക്ക് മണ്ണില്‍ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്ത്യയെ സംശയിക്കുന്നു. അന്വേഷണങ്ങള്‍ അവസാനിച്ചതിനു ശേഷം കൂടുതല്‍ പ്രസ്താവന നടത്തുമെന്നും നഖ്‌വി അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച ലഹോറിലെ ഇസ്‌ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് അമീര്‍ സര്‍ഫറാസിനെ വെടിവച്ചു കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ അക്രമികള്‍ കോളിങ് ബെല്‍ മുഴക്കി. വാതില്‍ തുറന്ന് പുറത്തിറങ്ങിയ അമീറിനെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമീറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു.

അമീറും കൂട്ടാളിയായ മുദാസിര്‍ മുനീറും ചേര്‍ന്ന് കോട്ട് ലഖ്പത് ജയിലില്‍ വച്ച് സരബ്ജിത് സിങ്ങിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ചു ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം. 2013 മേയ് രണ്ടിന് ലഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് സരബ്ജിത് സിങ്ങ് (49) മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം.

ലഹോറിലെ വന്‍ സുരക്ഷയിലുള്ള കോട്ട് ലഖ്പത് ജയിലില്‍ വച്ച് അമീര്‍ സര്‍ഫറാസ് അടക്കമുള്ള സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് ഒരാഴ്ചയോളം സരബ്ജിത് സിങ് കോമയിലായിരുന്നു. 2018 ഡിസംബറില്‍ സര്‍ഫറാസിനെയും മുദാസിറിനെയും ലഹോറിലെ കോടതി മോചിപ്പിച്ചിരുന്നു. എല്ലാ സാക്ഷികളും മൊഴിമാറ്റി പറഞ്ഞതോടെയാണ് ഇവര്‍ കുറ്റവിമുക്തരായത്. അവിവാഹിതനായ അമീര്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

1990ല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് ആക്രമണങ്ങളില്‍ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. 2001 പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റി രണ്ടു മാസത്തിനു ശേഷമാണ് സരബ്ജിത്ത് സിങ്ങിനെ ജയിലില്‍ ആക്രമിച്ചത്.





Next Story

RELATED STORIES

Share it