Latest News

അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ ഒന്നര വയസ്സുകാരിയെ പുലി കടിച്ചുകൊന്നു

അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ ഒന്നര വയസ്സുകാരിയെ പുലി കടിച്ചുകൊന്നു
X

മുംബൈ: അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഒന്നര വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. മുംബൈയിലെ ആരേ കോളനിക്ക് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. ഇതിക അഖിലേഷ് ലോട്ട് എന്ന 16 മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 5.45ഓടെ വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ഇറങ്ങിയ അമ്മയെ മകള്‍ പിന്തുടരുകയായിരുന്നു. വഴിമധ്യേ കുട്ടിയെ പുലി ആക്രമിച്ചു. അമ്മയും നാട്ടുകാരും ബഹളം വച്ചതോടെ പുള്ളിപ്പുലി ഓടിരക്ഷപ്പെട്ടു. കുഞ്ഞിനെ ഉടന്‍ മാരോളിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴുത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഡയറക്ടര്‍ ജി മല്ലികാര്‍ജുന്‍ പറഞ്ഞു. ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ആരെ കോളനിയില്‍ പുള്ളിപ്പുലികള്‍ വരുന്നത് അസാധാരണമല്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇതികയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം പുലിയെ പിടികൂടാന്‍ കെണിയൊരുക്കുമെന്ന് മല്ലികാര്‍ജുന്‍ പറഞ്ഞു. മൃതദേഹം ഗോരേഗാവിലെ സിദ്ധാര്‍ഥ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും കുടുംബത്തിന് ഉടന്‍ വിട്ടുനല്‍കുമെന്നും ഫോറസ്റ്റ് ഓഫിസര്‍ നാരായണ്‍ മാനെ പറഞ്ഞു.

ഒരു പഠനമനുസരിച്ച്, മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ദേശീയ ഉദ്യാനത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പുള്ളിപ്പുലി സാന്ദ്രത. 100 ചതുരശ്ര കിലോമീറ്ററില്‍ 26 പുള്ളിപ്പുലികളാണ് ഇവിടെയുള്ളത്. ഒക്‌ടോബര്‍ നാലിന് ഗര്‍ബ പരിപാടി കാണാന്‍ പിതാവിനൊപ്പം പോവുകയായിരുന്ന ഹിമാന്‍ഷു യാദവ് എന്ന നാലുവയസ്സുകാരനെയും പുള്ളിപ്പുലി ആക്രമിച്ചിരുന്നു. എന്നാല്‍, കുട്ടി ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it