|    Oct 20 Sat, 2018 1:50 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്കിന്ന് റിഹേഴ്‌സല്‍; നാളെ ഫൈനല്‍

Published : 18th September 2018 | Posted By: jaleel mv

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാക്കിസ്താനോടുള്ള മല്ലയുദ്ധത്തിന് മുന്നോടിയായി ഇന്ത്യ പരിശീലന മല്‍സരമെന്നോണം ഇന്ന് ഹോങ്കോങിനെ നേരിടുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സത്തിലാണ് ഇന്ത്യ ദുര്‍ബലരായ ഹോങ്കോങിനെതിരേ പാഡണിയുന്നത്.
ഇംഗ്ലണ്ടിനോടേറ്റ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയം മറക്കാനും വിമര്‍ശകരുടെ വായടപ്പിക്കാനും ഏഷ്യാ കപ്പ് സ്വന്തമാക്കാനുറച്ച ഇന്ത്യ ജയം മാത്രമാണ് മുന്നില്‍ കാണുന്നത്. അതേസമയം, ആദ്യ മല്‍സരത്തില്‍ പാകിസ്താനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഹോങ്കോങിന് ഇന്ന് ജയിച്ചാല്‍ മാത്രമാണ് സെമി സാധ്യത നിലനിര്‍ത്താനാവൂ.
വിദേശ പര്യടനങ്ങള്‍ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന വിരാട് കോഹ്‌ലിക്ക് പകരമായി മറ്റൊരു സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ നീലപ്പട ഇന്നിറങ്ങുമ്പോള്‍ വന്‍മാര്‍ജിനിലുള്ള വിജയം മാത്രമാണ് ലക്ഷ്യം.
സൂര്യന്‍ 43 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നുള്ള ദുബയിയിലെ കൊടും ചൂടില്‍ നിലയുറപ്പിക്കാന്‍ വിഷമിക്കുന്ന ബാറ്റിങ് നിരയിലേക്കാവും ഇന്ത്യ കൂടുതലായും ഉറ്റുനോക്കുക. ക്യാപ്റ്റനെ കൂടാതെ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നിവരുടെ ബാറ്റിങ് ഇന്ത്യയുടെ ജയപരാജയങ്ങളെ നിര്‍ണയിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ ശിഖര്‍ ധവാന്‍ പക്ഷേ ഏകദിനത്തില്‍ മികച്ച റെക്കോഡുമായാണ് ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയത്. രാഹുലിന്റെ വിശഷണവും മറിച്ചല്ല. അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി സെഞ്ച്വറി നേടിയ താരത്തിന് ഫോം തുടരാന്‍കഴിയുമെന്നാണ് ആരാധകരും സെലക്ഷന്‍ കമ്മറ്റിയും പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ തന്നെ ആദ്യ ഇലവനില്‍ ഇവര്‍ ഉണ്ടാവുമെന്നുറപ്പ്. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ കേദാര്‍ ജാദവിനും ദുബയ് മണ്ണില്‍ എതിരാളിയെ വിറപ്പിക്കാനുള്ള കരുത്തുണ്ട്.
കോഹ്‌ലിയുടെ അസാന്നിധ്യം പ്രകടമാവുന്ന ടൂര്‍ണമെന്റില്‍ ഒരു ഉപദേശകനെന്നതിലുപരി മികച്ചൊരു ഫിനിഷറായി ധോണിയും കൂടി എത്തുന്നതോടെ ഇന്ത്യന്‍ കിരീടമോഹം വിദൂരമല്ല. പരിക്കില്‍ നിന്ന് മുക്തനായ ഭുവനേശ്വര്‍ കുമാറിന്റെ കടന്നുവരവും ഇന്ത്യന്‍ ടീമിന് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. താരത്തോടൊപ്പം ബൂംറയും സ്പിന്നില്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും കൂടി പന്തെറിയുമ്പോള്‍ എതിരാളികള്‍ വിയര്‍ക്കുമെന്നുറപ്പ്.
മനീഷ് പാണ്ഡെ, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ചാഹല്‍ തുടങ്ങിയ യുവനിരയ്ക്ക് ഈ ടൂര്‍ണമെന്റ് ലോകകപ്പിലേക്കുള്ള ഒരു യോഗ്യതാ മല്‍സരം കൂടിയാണ്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്.
ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറെയുള്ള പാക്‌നിരയെ തുരത്താനായി ശ്രീലങ്കയില്‍ നിന്നുള്ള ഇടങ്കയ്യന്‍ ബൗളിങ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ടുവന്നാണ് ഇന്ത്യ സമൃദ്ധമായ മുന്നൊരുക്കം നടത്തുന്നത്. കൂടാതെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നൂതന ശൈലികള്‍ പകര്‍ന്നു നല്‍കാന്‍ ഖലീല്‍ അഹമ്മദും കൂടി ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍ ഏഷ്യയില്‍ ഇന്ത്യന്‍ വിജയഗാഥ തുടരും.
അതേസമയം, പാകിസ്താനോടുള്ള ആദ്യ മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഹോങ്കോങ് അടിയറവ് പറഞ്ഞത്. ഈ മല്‍സരത്തില്‍ 116 റണ്‍സാണ് അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഹോങ്കോങ് ടീമിന് അട്ടിമറിയുടെ പെരുമ നാട്ടില്‍ കെട്ടിപ്പാടാന്‍ കഴിയില്ല. അതേസമയം, അട്ടിമറിയാണ് സംഭവിക്കുക എങ്കില്‍ ലോക ചാംപ്യന്‍മാരെ പരാജയപ്പെടുത്തിയ വീര്യവുമായാണ് അവര്‍ സ്വന്തം രാജ്യത്തേക്ക് പറക്കുക.
ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss