Flash News

ബിഷപ്പ് പീഡനം : നിലപാട് മാറ്റി സാക്ഷി

ബിഷപ്പ് പീഡനം : നിലപാട് മാറ്റി സാക്ഷി
X


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഇടവക വികാരിയുമായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ നിലപാട് മാറ്റി. ബിഷപ്പിനെതിരേ ശക്തമായ തെളിവുകളുള്ളതിനാലാണ് പരാതിക്കാരിയായ കന്യാസ്ത്രീ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതെന്നായിരുന്നു ഫാ. നിക്കോളാസിന്റെ മുന്‍നിലപാട്. എന്നാല്‍, പോലിസിന് തെളിവുകള്‍ കൈമാറാതിരിക്കുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ തെളിവുകള്‍ ഇല്ലെന്നോ അല്ലെങ്കില്‍ കന്യാസ്ത്രീകള്‍ തന്നോട് നുണപറഞ്ഞുവെന്നോ കരുതേണ്ടിവരുമെന്ന് അദ്ദേഹം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെളിവുകള്‍ കൈമാറാതെ നടത്തുന്ന സമരം സഭയ്ക്കും പൗരോഹിത്യത്തിനും അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണിലും പത്ത് പെന്‍ഡ്രൈവുകളിലുമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ തന്നോടുപറഞ്ഞിരുന്നെന്നും ഇടവക വികാരി ചൂണ്ടിക്കാട്ടി.
തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് പോലിസിനു കൈമാറിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും. മൂന്നുമാസം മുമ്പാണ് ബിഷപ്പ് പീഡിപ്പിച്ചെന്ന കാര്യം പരാതിക്കാരിയായ കന്യാസ്ത്രീയും മറ്റ് അഞ്ച് കന്യാസ്ത്രീകളും പള്ളിമേടയിലെത്തി തന്നോടു പറഞ്ഞത്. തെളിവുകള്‍ കാണുകയോ കേള്‍ക്കുകയോ വേണമെന്നു പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്, കാണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ഫോണ്‍ നഷ്ടമായാലും തെളിവുകള്‍ പോവാതിരിക്കാന്‍ അവ പത്ത് പെന്‍ഡ്രൈവുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇവരുടെ വാക്കുകള്‍ വിശ്വസിച്ചാണ് ബിഷപ്പിനെതിരേ കന്യസ്ത്രീകളുടെ പക്കല്‍ തെളിവുണ്ടെന്ന് താന്‍ പറഞ്ഞത്. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് പോലിസിന് കൈമാറുന്നതിലൂടെ ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ ഉടന്‍ അറസ്റ്റുചെയ്യാന്‍ സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. എന്നാല്‍, തങ്ങളുടെ പക്കലുള്ള തെളിവുകളെല്ലാം ഇടവക വികാരിക്ക് കൈമാറാനാവില്ല. അദ്ദേഹം ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ ബിഷപ്പിന് അനുകൂലമാക്കുന്നതിന് സാക്ഷികളെ സ്വാധീനിക്കുന്നതായ കന്യാസ്ത്രീകളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ വാക്കുകളെന്നാണ് ഈ സാഹചര്യത്തില്‍ ആരോപണമുയര്‍ന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it