|    Oct 20 Sat, 2018 9:33 am
FLASH NEWS
Home   >  Kerala   >  

പ്രളയത്തില്‍ നിന്നും കരകയറി തട്ടേക്കാട്: വിനോദ സഞ്ചാരികള്‍ക്കായി പക്ഷിസങ്കേതം വീണ്ടും തുറന്നു

Published : 18th September 2018 | Posted By: sruthi srt

കൊച്ചി: പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഒക്‌റ്റോബര്‍ ആദ്യത്തോടെയാണ് സാധാരണയായി ദേശാടനക്കിളികള്‍ ഇവിടേക്ക് വിരുന്നെത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം നിമിത്തം സപ്തംബര്‍ പകുതിയോടെ തന്നെ ചില പക്ഷികള്‍ ഇവിടേക്കെത്തിയിട്ടുണ്ട്.വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് തട്ടേക്കാടിനെ നാശത്തിന്റെ വക്കില്‍ നിന്നും തിരിച്ച് കൊണ്ട് വന്നത്. പ്രളയം കേരളക്കരയെ മുഴുവന്‍ പിടിച്ച് കുലുക്കിയപ്പോള്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ആവാസ വ്യവസ്ഥയെത്തന്നെ അത് തകിടം മറിച്ചു.

പെരിയാര്‍ കര കവിഞ്ഞ് ഒഴുകിയപ്പോള്‍ തട്ടേക്കാട് വനത്തിന്റെ ഉള്ളില്‍ ഉള്ള പല തടാകങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചെളിയും ചേറും കേറി നിറഞ്ഞു. ഡാമുകള്‍ തുറന്നതിന് പിന്നാലെ പെരിയാറില്‍ വെള്ളം ഉയരുകയും ചെയ്തതോടെ രാത്രി തന്നെ പെരുമ്പാമ്പ്, രാജവെമ്പാല, മുള്ളന്‍ പന്നി, ആമകള്‍, മയില്‍ തുടങ്ങിയവയെ കൂട്ടില്‍ നിന്നും സമീപത്തുള്ള കാടുകളിലേക്ക് തുറന്ന് വിട്ടിരുന്നു.പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പക്ഷി സങ്കേതത്തെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ വലിയ പ്രയത്‌നമായിരുന്നു നടത്തിയിരുന്നത്.പത്ത് ദിവസത്തോളം എടുത്താണ് ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വലിയ തോതില്‍ മാറ്റാന്‍ സാധിച്ചത്. ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയും ഉദ്യോഗസ്ഥരും ഒക്കെ രാപ്പകള്‍ അധ്വാനിച്ചാണ് തട്ടേക്കാടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തതെന്ന് റേഞ്ച് ഓഫീസര്‍ മണി സുദര്‍ശം പറഞ്ഞു. ദേശാടന പക്ഷികള്‍ വിരുന്നെത്തുന്നതിനായി തട്ടേക്കാടിനെ ഒരുക്കുകയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍.തട്ടേക്കാട് മുതല്‍ കൂട്ടിക്കല്‍ വരെയും തട്ടേക്കാട് നിന്ന് മുകളിലേക്കും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തില്‍ പുഴയിറമ്പ് നഷ്ടപ്പെടുകയും പകരം മണല്‍ തിട്ടകള്‍ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വനത്തില്‍ നിന്നും ഏകദേശം മുന്നൂറ് മുതല്‍ അഞ്ഞൂറ് വരെ മീറ്റര്‍ നീളത്തില്‍ പുഴയിലേക്ക് മണല്‍ പരപ്പുകളും രൂപപ്പെട്ടിട്ടുണ്ട്.ഇത് പല മൃഗങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുകയാണ്. പ്രളയം തട്ടേക്കാടിന്റെ വിനോദ സഞ്ചാരത്തെ വലിയ രീതിയിലൊന്നും ബാധിക്കില്ല.എന്നാല്‍ തടാകങ്ങളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മണലും വാരി മാറ്റുക പ്രായോഗികമല്ല. പെരിയാറും കുട്ടമ്പുഴയാറും കൂടി തട്ടേക്കാടിന് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയത് . ചെടികളിലും മറ്റും അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വനപാലകരും മറ്റും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു.
തട്ടേക്കാട് വിരുന്ന് വരുന്ന ദേശാടനക്കിളികള്‍ പ്രധാനമായും രണ്ട് വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. വന പക്ഷികളും ജല പക്ഷികളും .ഇതില്‍ ജല പക്ഷികളുടെ വരവിനെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് പക്ഷി നിരീക്ഷകനായ ഡോ.സുഗതന്‍ പറഞ്ഞു. ഒക്‌റ്റോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദേശാടനക്കിളികള്‍ എത്തുന്നത്.ഉഷ്ണ മേഖലാ വന പക്ഷി സങ്കേതമാണ് തട്ടേക്കാട് .322 ഇനം പക്ഷികളാണ് ഇവിടേക്ക് വര്‍ഷം തോറും എത്തുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം 523 ഇനങ്ങളാണ് വര്‍ഷം തോറും ദേശാടനത്തിനായി എത്തുന്നത്.1964ല്‍ ഭൂതത്താന്‍കെട്ട് ഡാം പണിത തോട് കൂടെയാണ് ജല പക്ഷികള്‍ കൂടുതലായി തട്ടേക്കാട് എത്താന്‍ തുടങ്ങിയത്. ഡാം വന്നതോടെ പെരിയാര്‍ വാലിയുടെ വൃഷ്ടിപ്രദേശങ്ങളെല്ലാം കൂടി ഒരു തടാകമായി മാറിയിരുന്നു. മുപ്പത്തി രണ്ടിനം ജല പക്ഷികളാണ് ഇവിടേക്കെത്തിച്ചേര്‍ന്നിരുന്നത്.ഇവരുടെ ആവാസ വ്യവസ്ഥയെ ആണ് പ്രളയം ബാധിച്ചിരിക്കുന്നത്. താരതമ്യേന ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വന പ്രദേശങ്ങളിലൊന്നും തന്നെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വന പക്ഷികളുടെ വരവിന് കുറവുണ്ടാവാന്‍ ഇടയില്ല.
ജല പക്ഷികളുടെ ആവാസ വ്യവസ്ഥയില്‍ വലിയ രീതിയിലുള്ള വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. പുഴയുടെ ഇരു കരകളില്ലം മണലും എക്കലും വന്ന് കിടക്കുകയാണ്. പക്ഷികള്‍ക്ക് ഭക്ഷണത്തിന് ആവശ്യമായ ചേരിപ്പുല്‍ നാമ്പുകളും മത്സ്യങ്ങളും ഞവണിക്കയും അടക്കം ഇല്ലാതായി. ജല സസ്യങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ല. അത് കൊണ്ട് തന്നെ സീസണില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ദേശാടനക്കിളികളെ കാണാന്‍ പ്രയാസമായിരിക്കും. വന പക്ഷികളെക്കാള്‍ പെട്ടന്ന് കാണാന്‍ സാധിക്കുന്നത് ജല പക്ഷികളെ ആയിരുന്നു. വന പക്ഷികള്‍ താരതമ്യേന ചെറുതും കാടുകളിലെ വലിയ മരങ്ങള്‍ക്കിടയില്‍ മറഞ്ഞ് ഇരിക്കുന്നവയുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss