Flash News

കാമറകള്‍ക്കു മുന്നില്‍ നടത്തിയ ഏറ്റുമുട്ടല്‍ കൊല നാടകം; കൊല്ലപ്പെട്ടവരെ നേരത്തേ പിടിച്ചുകൊണ്ടുപോയതെന്ന് ബന്ധുക്കള്‍

കാമറകള്‍ക്കു മുന്നില്‍ നടത്തിയ ഏറ്റുമുട്ടല്‍ കൊല നാടകം; കൊല്ലപ്പെട്ടവരെ നേരത്തേ പിടിച്ചുകൊണ്ടുപോയതെന്ന് ബന്ധുക്കള്‍
X
[caption id="attachment_425684" align="alignnone" width="705"] മുസ്തകീമിന്റെ മാതാവ് ഷബാന[/caption]

ലഖ്‌നോ: ആറ് കൊലകള്‍ക്കുത്തരവാദിയായ രണ്ടു പേരെ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന യുപി പോലിസിന്റെ അവകാശ വാദം പൊളിയുന്നു. അലിഗഡില്‍ ഈ മാസം 20ന് രണ്ട് മുസ്്‌ലിം ചെറുപ്പക്കാരെ മാധ്യമങ്ങളെ വിളിച്ചുവരുത്തി വെടിവച്ചു കൊന്ന സംഭവത്തില്‍ സംശയങ്ങളുയര്‍ത്തി ബന്ധുക്കളും മനുഷ്യാവകാശ സംഘടനയായ രിഹായി മഞ്ചും രംഗത്തെത്തി.

സംഭവത്തിന്റെ വീഡിയോയും എക്‌സ്‌റേ റിപോര്‍ട്ടും ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു മുന്നില്‍ 11 ചോദ്യങ്ങള്‍ രിഹായി മഞ്ച് ഉയര്‍ത്തി. 17 വയസുള്ള നൗഷാദിനെയും 22 വയസുള്ള മുസ്്തകീമിനെയും മാധ്യമ കാമറകള്‍ക്കു മുന്നിലാണ് വെടിവച്ചു കൊന്നത്. ഒരു പക്ഷേ മാധ്യമങ്ങളെ വിളിച്ചുവരുത്തി നടത്തുന്ന രാജ്യത്തെ ആദ്യ ഏറ്റുമുട്ടല്‍ കൊലയായിരിക്കും ഇത്.

പട്രോളിങ് നടത്തുന്ന പോലിസുകാര്‍ക്കു നേരെ ഇരുവരും വെടിവച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന പോലിസിന്റെ വാദം കുടുംബം തള്ളിക്കളഞ്ഞു. വെടിവയ്പ്പ് നടക്കുന്നതിന് നാല് ദിവസം മുമ്പ് ഈ മാസം 16ന് ഇരുവരെയും വീട്ടില്‍ നിന്ന് പോലിസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇരുവരുടെയും കൊലപാതകമെന്നാണ് വ്യക്തമാവുന്നതെന്ന് രിഹായി മഞ്ച് പറഞ്ഞു. വെടിവയ്പിന്റെ വീഡിയോ പരിഗണിച്ച് വിഷയത്തില്‍ സ്വമേധയാ അന്വേഷണത്തിനുത്തരവിടണമെന്ന് സംഘടന സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

മുസ്്തകീമും നൗഷാദും ബുധനാഴ്ച്ച ക്വാര്‍സി പോലിസ് സ്‌റ്റേഷന്‍ ഏരിയയില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും മോട്ടോര്‍ ബൈക്കും മോഷ്ടിച്ചതായി വെടിവയ്പ് നടന്ന ഉടനെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അലിഗഡ് സിറ്റി പോലിസ് സൂപ്രണ്ട് അതുല്‍ കുമാര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഹര്‍ദ്വാഗഞ്ചിലേക്ക് പോവുന്നതിനിടെ പോലിസ് അവരെ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലിസിന് നെരേ വെടിവച്ചു. അതിന് ശേഷം അവര്‍ മാച്ച്‌വയിലെ ഒരു ഒഴിഞ്ഞു കിടന്ന കെട്ടിടത്തിലേക്ക് ഓടിച്ചുപോയി. അവിടെ പോലിസുമായി നടത്തിയ ഒന്നര മണിക്കൂറോളം നീണ്ട വെടിവയ്പ്പില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നുവെന്നുമാണ് പോലിസ് ഭാഷ്യം.

രണ്ട് പൂജാരിമാര്‍ ഉള്‍പ്പെടെ ആറ് പേരുടെ കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും പോലിസ് ആരോപിക്കുന്നു. എന്നാല്‍, രണ്ട് പേരെയും സപ്തംബര്‍ 16ന് പിടിച്ചുകൊണ്ടുപോവുകയും സപ്തംബര്‍ 18ന് ഇവരുടെ തലയ്ക്ക് വില പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് രിഹായ് മഞ്ച് ആരോപിച്ചു. തുടര്‍ന്ന് സപ്തംബര്‍ 20ന് വെടിവച്ചു കൊന്നു. പൂജാരിമാരെ വെടിവച്ചുകൊന്നവരെ ഒരാഴ്ച്ചയ്ക്കകം പിടികൂടിയില്ലെങ്കില്‍ പോലിസിനെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിരപരാധികളെ പിടിച്ചുകൊണ്ടു പോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന സംശയവും ഉയരുന്നുണ്ട്.

സ്പതംബര്‍ 20നാണ് ഇരുവരുടെയും കുടുംബം വാര്‍ത്താ മാധ്യമങ്ങളെ കണ്ടത്. ഞയാറാഴ്ച്ച ഉച്ചയ്ക്ക് 2.30ഓടെയാണ് പോലിസ് വന്ന് മുസ്്തകീമിനെ പിടിച്ചുകൊണ്ടു പോയതെന്ന് വല്യുമ്മ റഫീകാന്‍ പറഞ്ഞു. ഒപ്പം മുസ്്തകീമിന്റെ സഹോദരന്‍ സല്‍മാനെയും മാനസിക പ്രശ്‌നമുള്ള തന്റെ മകന്‍ നസീമിനെയും പോലിസ് കൊണ്ടു പോയിരുന്നു.

പോലിസിന്റെ അനീതിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് നൗഷാദിന്റെ ഉമ്മ ഷാഹീന്‍ പറഞ്ഞു. ഞായാറാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോയ മകനെ പോലിസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് ഡിജിപിക്ക് റിഹായ് മഞ്ച് അയച്ച കത്തില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തി. ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണെന്നും സംഘടന ആവശ്യപ്പെട്ടു.

1. എസ്എസ്പി അലിഗഡ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ 20ന് രാവിലെ 6.36നും തുടര്‍ന്ന് 6.39നും മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയി

2. സംഭവ സ്ഥലത്തു നിന്നുള്ള വീഡിയോയും ഫോട്ടോകളും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു. സിറ്റി പോലിസ് സൂപ്രണ്ടും മറ്റു മൂന്ന് പോലിസുകാരും വെടിവയ്പ്പ് നടത്തുമ്പോള്‍ മറ്റ് അഞ്ച് പോലിസുകാര്‍ തൊട്ടടുത്ത് നിന്ന് പരസ്പരം സംസാരിക്കുന്നതാണ് കാണുന്നത്. ഒരു പോലിസ് പരീശീലനം പോലെയോ ഫോട്ടോ എടുക്കാന്‍ ഉണ്ടാക്കിയ നാടകം പോലെയോ ആണ് ഇത് കണ്ടാല്‍ തോന്നുന്നത്.

3. ഏറ്റുമുട്ടല്‍ പോലെ ഗൗരവകരമായ കാര്യം നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തുന്നത് ഏത് നിയമപ്രകാരമാണ്. പോലിസുകാരെ മാത്രം ചിത്രീകരിക്കാന്‍ മാധ്യങ്ങളോട് ആവശ്യപ്പെടുകയായിരുന്നോ?

4. രണ്ട് ക്രിമിനലുകള്‍ക്ക് പോലിസ് വെടിവയ്പ്പില്‍ പരിക്കേല്‍ക്കുകയും ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴി അവര്‍ പേരും വിലാസവും വെളിപ്പെടുത്തിയെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍, രണ്ട് പേരുടെയും നെഞ്ച് തുളച്ച് രണ്ട് വെടിയുണ്ടകള്‍ വീതം പുറത്തേക്ക് പോയതായി എക്‌സ്‌റേ റിപോര്‍ട്ട് തെളിയിക്കുന്നു. വെടിയുണ്ടകള്‍ അവരുടെ ഹൃദയവും ശ്വാസകോശവും തകര്‍ത്തിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ അവര്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. രണ്ടു പേരെയും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വ്യക്തമാവുന്നത്.

5. പോലിസ് പറയുന്നതു പോലെ അവര്‍ ഒളിച്ചിരിക്കുകയായിരുന്നുവെങ്കില്‍ എങ്ങിനെ രണ്ടു പേരുടെയും നെഞ്ചത്ത് കൃത്യമായി രണ്ട് വെടിയുണ്ടകള്‍ വീതം തുളഞ്ഞു കയറി. ഇരുവരെയും തൊട്ടടുത്ത് നിന്ന് വെടിവച്ചുകൊല്ലുകയായിരുന്നോ?

6. പോലിസ് രണ്ടു പേരെയും സപ്തംബര്‍ 16ന് പിടിച്ചുകൊണ്ടു പോവുകയും ആധാര്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. പോലിസ് വീണ്ടും അവരുടെ വീടുകളില്‍ കുടുംബത്തെ ചോദ്യം ചെയ്യാനായി എത്തുകയും ഇരുവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

7. പോലിസ് കുടുംബങ്ങളുടെ വിരലടയാളം വെള്ള പേപ്പറില്‍ എടുത്തുകൊണ്ടു പോയി. മൃതദേഹം ഉടന്‍ അടക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ഉന്നയിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി.

സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് രിഹായി മഞ്ച് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷുഹൈബ് അയച്ച കത്തില്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it