kasaragod local

76 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് ഇന്നു ശിലാസ്ഥാപനം

കാസര്‍കോട്്: കാസര്‍കോട് നഗരസഭയിലെ തളങ്കര, അടുക്കത്ത്ബയല്‍, കാസര്‍കോട് വില്ലേജുകള്‍ക്കും ചെമനാട് പഞ്ചായത്തില്‍പെട്ട പെരുമ്പള, ചെമനാട്, തെക്കില്‍, കളനാട് എന്നീ വില്ലേജുകള്‍ക്കും വേണ്ടി കിഫ്ബി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ജലവിഭവമന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കാസര്‍കോട് നഗരസഭയിലേയും ചെമനാട് പഞ്ചായത്തിലേയും 1.47 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയും.
പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ജനുവരി 15ന് 76 കോടി രൂപക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. നിലവില്‍ കാസര്‍കോട് നഗരസഭയില്‍ വിതരണം നടത്തുന്ന ഒരു പദ്ധതിയും ചെമനാട് പഞ്ചായത്തിലെ അഞ്ച് ചെറുകിട ശുദ്ധജല വിതരണ പദ്ധതിയും നിലവിലുണ്ട്. എന്നാല്‍ വേനല്‍കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതിനാലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. ചന്ദ്രഗിരി പുഴയിലുള്ള ബാവിക്കരയിലെ കിണറില്‍ നിന്ന് 700 എംഎം വ്യാസമുള്ളതും 1200 മീറ്റര്‍ നീളമുള്ളതുമായ ഡിഐകെ 9 പൈപ്പ് മുഖേന 380 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് ശുദ്ധീകരണ ശാലയില്‍ വെള്ളം എത്തിക്കും.
ചെങ്കള, മുളിയാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ള 30 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയടക്കം 55 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയാണ് പദ്ധതിക്ക് വേണ്ടി വിഭാവനം ചെയ്യുന്നത്. കാസര്‍കോട് നഗരസഭയിലേക്ക് ജലവിതരണം നടത്തുന്നതിനായി പുതുതായി നിര്‍മിച്ച കിണറില്‍ നിന്നാണ് പുതിയ ശുദ്ധജല വിതരണ പദ്ധതിക്ക് ഉപയോഗിക്കുന്നത്. കൂടാതെ കാസര്‍കോട് നഗരസഭയില്‍ നിലവിലുള്ള പദ്ധതിക്കായി സ്ഥാപിച്ചുവരുന്ന 10505 മീറ്റര്‍ ഗ്രാവിറ്റിമെയിന്‍ ജലവിതരണ കുഴലുകളും പുതിയ പദ്ധതിക്കായി ഉപയോഗിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ 350 വീതം കുരിരശക്തിയുള്ള മൂന്ന് മോട്ടോറുകള്‍ സ്ഥാപിച്ച് 1000 കെവിഎയുടേയും 100 കെവിഎയുടേയും ഓരോ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് സബ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണം, റോ വാട്ടര്‍ പമ്പിങ്, മെയിന്‍ ക്ലിയര്‍ വാട്ടര്‍ പമ്പിങ് എന്നിവ സ്ഥാപിക്കും. 11 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നത ടാങ്കിന്റെ നിര്‍മാണം ഉള്‍പ്പെടും. രണ്ടാമത്തെ പാക്കേജില്‍ 55 എംഎല്‍ഡി സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മാണം നടക്കും. മൂന്നാമത്തെ പാക്കേജില്‍ 21 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ടാങ്ക് നിര്‍മിക്കും. നാലാമത്തെ പാക്കേജില്‍ 26 ലക്ഷം ലിറ്ററും 17 ലക്ഷം ലീറ്ററും സംഭരണ ശേഷിയുള്ള ജലസംഭരണികള്‍ ദേളി കുന്നുപാറയിലും കുന്നുപാറ ചട്ടഞ്ചാലിലും നിര്‍മിക്കും. പദ്ധതികള്‍ അടുത്ത വര്‍ഷം ഏപ്രിലോടെ കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി അനുമതിനല്‍കിയിട്ടില്ല. അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിന് നഷ്ടപരിഹാരതുക കെട്ടിവച്ചിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി കെ രത്‌നകുമാര്‍ പറഞ്ഞു.
ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് 27.5 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികളെ ചോദ്യംചെയ്ത് ഒരു കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നിര്‍മാണം മുടങ്ങിക്കിടക്കുകയാണെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജല അതോറിറ്റി ബോര്‍ഡ് മെംബര്‍ ടി വി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിചായിന്റടി, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി കെ രത്‌നകുമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ പി ആര്‍ ഉഷ, കെ ഗിരീഷ് ബാബു സംബന്ധിച്ചു.
Next Story

RELATED STORIES

Share it