|    Mar 23 Fri, 2018 8:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അങ്കം മുറുകി അഴീക്കോട്; പ്രചാരണത്തില്‍ പരേതാത്മാക്കളും

Published : 14th April 2016 | Posted By: SMR

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കുറഞ്ഞ വോട്ട് വ്യത്യാസത്തില്‍ ജയം. ഏറെക്കാലം ചുവന്നും പിന്നീടൊരിക്കല്‍ അകന്നും മാറിനിന്ന പൂര്‍വചരിത്രം. എല്ലാറ്റിനുമുപരി നാവുകൊണ്ട് കസര്‍ത്ത് കളിക്കുന്ന സ്ഥാനാര്‍ഥികള്‍. അഴീക്കോട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറി എന്തുകൊണ്ടും തീപാറുമെന്നതിനു കാരണങ്ങള്‍ പലതാണ്.
മുന്നണികളുടെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിനു മുമ്പേ പറഞ്ഞുറപ്പിച്ച പോലെയായിരുന്നു അഴീക്കോട്ടെ സ്ഥാനാര്‍ഥിത്വം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് എതിരാളിയെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ദേശീയശ്രദ്ധ തന്നെ ആകര്‍ഷിക്കുന്ന വിധത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ഇടതുമുന്നണിയും കരുത്തുറ്റ പോരാട്ടത്തിന് കച്ചമുറുക്കി.
മുസ്‌ലിംലീഗിലെ സിറ്റിങ് എംഎല്‍എ കെ എം ഷാജിയും സിപിഎം സ്ഥാനാര്‍ഥിയായി എംവിആറിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ്‌കുമാര്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും വോട്ട് പിടിക്കുമ്പോള്‍ പതിവിലും വലിയ ആവേശത്തിലാണ് മറ്റു കക്ഷികള്‍.
ഇടതു-വലതു മുന്നണികളുടെ വികസനവായ്ത്താരിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും മാഫിയകള്‍ക്ക് ബദല്‍ തീര്‍ക്കാനും എസ്ഡിപിഐ അങ്കത്തിനിറക്കിയത് പാര്‍ട്ടി ജില്ലാ പ്രസിഡന്റും നാട്ടുകാരനുമായ കെ കെ അബ്ദുല്‍ ജബ്ബാറിനെയാണ്.
ബിജെപിക്കുവേണ്ടി മുന്‍ നേതാവ് പരേതനായ കെ ജി മാരാരുടെ ബന്ധു അഡ്വ. കേശവന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് ജോണ്‍, എസ്‌യുസിഐക്കു വേണ്ടി യുവ അഭിഭാഷകനായ പി സി വിവേക് എന്നിവരാണു കളത്തിലുള്ളത്. ഒരൊറ്റ വോട്ട് പോലും പാഴാക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയില്‍ ഓരോ കക്ഷികളും തിരഞ്ഞെടുപ്പ് നേരിടുന്ന കേരളത്തിലെ അത്യപൂര്‍വം മണ്ഡലമായി അഴീക്കോട് മാറുകയാണ്.
കൊടും ചൂടിലും വിയര്‍പ്പൊഴുക്കിയുള്ള പ്രചാരണത്തോടൊപ്പം എതിരാളിയെ മലര്‍ത്തിയടിക്കാന്‍ ഒരു സൂചിക്കുഴി പോലും വിട്ടുകളയാതെ ശ്രദ്ധിക്കുന്നുണ്ട് അണികളും. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയുടെ പൂര്‍വചരിത്രം മാത്രമല്ല, അവരുടെ പിതാവിന്റെ രാഷ്ട്രീയ ചരിത്രവും ഇവിടെ പ്രചാരണവിഷയമാണ്.
രാഷ്ട്രീയ അക്രമങ്ങള്‍ പുത്തരിയല്ലാത്ത നാട്ടില്‍ ഇരുപക്ഷത്തെയും വേട്ടയാടുന്നതും പരേതാത്മാക്കളാണെന്നതാണ് ബഹുരസം. ആദ്യം സ്വതന്ത്രവേഷത്തിലും പിന്നീട് സിപിഎം ചിഹ്‌നത്തിലും മല്‍സരത്തിനിറങ്ങിയ നികേഷ് കുമാറിന്റെ പിതാവും കമ്മ്യൂണിസ്റ്റുകാരുടെ ഒരുകാലത്തെ തീപ്പൊരി നേതാവുമായ എം വി ആര്‍ തന്നെയാണ് കഥയിലെ നായകനും വില്ലനും. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജീവന്‍കൊണ്ട് ചരിത്രമെഴുതിയ കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദിയായ എംവിആറിന്റെ മകന് വോട്ടു ചെയ്യാന്‍ എങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനാവുമെന്നാണ് യുഡിഎഫ് അണികളുടെ ചോദ്യം. ഇതിനു വേണ്ടി എംവിആറിന്റെ സഹോദരിയെ വരെ ഷാജി രംഗത്തിറക്കി.
എന്നാല്‍ ചരിത്രത്താളുകള്‍ കൊണ്ടുതന്നെയാണ് സിപിഎം ഇതിനെ നേരിടുന്നതും. ലീഗുകാര്‍ ഒരുകാലത്ത് മാടായി മാടനെന്നും കൊലയാളി രാഘവനെന്നും വിളിച്ച ഒറിജിനല്‍ എംവിആറിന്റെ പേരിനൊപ്പം മറ്റൊരു കൊലക്കേസ് കൂടിയുണ്ടായിരുന്നു.
മാടായി കലാപ കാലത്ത് വളപട്ടണത്തെ മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാവ് പണ്ടാരവളപ്പില്‍ മഹ്മൂദിനെ ചെറുകുന്ന് തറയ്ക്കു സമീപത്തു ലീഗിന്റെ പൊതുസമ്മേളനം കഴിഞ്ഞു മടങ്ങവേ വഴിയില്‍ തടഞ്ഞുവച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു എം വി രാഘവന്‍. സാക്ഷികളുടെ കൂറുമാറ്റംകാരണമാണ് എംവിആര്‍ കൊലക്കേസില്‍ നിന്നു രക്ഷപ്പെട്ടത്. സ്വന്തം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എംവിആര്‍ സിപിഎം വിട്ടശേഷം 1987ല്‍ അഴീക്കോട് മല്‍സരിച്ചപ്പോള്‍ ജയിപ്പിച്ചു നിയമസഭയിലേക്കയച്ചതിനും മന്ത്രിയാക്കിയതിനും പിന്നിലുണ്ടായിരുന്നതും ലീഗുകാര്‍ തന്നെ.
അന്ന് ലീഗ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയെ പിന്‍വലിച്ചുകൊണ്ടാണ് എംവിആറിന് വേണ്ടി മുസ്‌ലിംലീഗ് സീറ്റൊരുക്കിയത്. പ്രതിയായ രാഘവന് വോട്ട് ചെയ്യുമ്പോള്‍ ഇല്ലാത്ത നീരസം എന്തിനാണ് മകന്‍ മല്‍സരിക്കുമ്പോഴെന്ന സൈബറിടങ്ങളിലെ ചോദ്യങ്ങളും ആവേശപ്പോരിന്റെ ലക്ഷണങ്ങള്‍ തന്നെ.
കഴിഞ്ഞതവണ എസ്ഡിപിഐ സ്ഥാനാര്‍ഥി നേടിയത് 2,935 വോട്ടുകളാണ്. ബിജെപിക്ക് 7540 വോട്ടുകള്‍ ലഭിച്ചു. കെ എം ഷാജിയുടെ ഭൂരിപക്ഷമാവട്ടെ വെറും 493. ഇഞ്ചോടിഞ്ച് പോരാട്ടം ഉറപ്പായ മണ്ഡലത്തില്‍ ഒടുവില്‍ ആരു ചിരിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss