World

60 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് കാണാതായ വിഗ്രഹങ്ങള്‍ യുഎസ് മ്യൂസിയത്തില്‍

ന്യൂഡല്‍ഹി: ആറു പതിറ്റാണ്ട് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വിഗ്രഹങ്ങള്‍ യുഎസിലെ മ്യൂസിയത്തില്‍ കണ്ടെത്തി. വില്ലുപുരം ജില്ലയിലെ വീരചോളപുരം ശിവക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ശിവപാര്‍വതിമാരുടെ വിഗ്രഹങ്ങളാണ് അമേരിക്കയിലെ ഫ്രീര്‍ ഗാലറി, ക്ലീവ്‌ലാന്‍ഡ് മ്യൂസിയം എന്നിവിടങ്ങളില്‍ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ചോള കാലഘട്ടത്തിലെ വിഗ്രഹങ്ങളാണ് ഇവയെന്നാണ് കരുതുന്നത്.
വിഗ്രഹ മോഷണക്കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന് ഇതു സംബന്ധിച്ചു പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പുതുച്ചേരിയുടെ വിവരശേഖരത്തില്‍ നിന്നാണ് ഈ വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകന്‍ എസ് വിജയകുമാര്‍ വ്യക്തമാക്കി. 1960ലാണ് ക്ഷേത്രത്തില്‍ നിന്ന് ഈ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒമ്പത് വിഗ്രഹങ്ങളില്‍ ഏഴെണ്ണമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്.  ഇന്ത്യയില്‍ നിന്ന് ഈ വിഗ്രഹങ്ങള്‍ 1960കളില്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കരുതുന്നത്. നടരാജ വിഗ്രഹം 2003ല്‍ മൂന്നു ലക്ഷം ഡോളറിനും പാര്‍വതിയുടെ വിഗ്രഹം 2013ല്‍ 13 ലക്ഷം ഡോളറിനുമാണ് ലേലം ചെയ്യപ്പെട്ടത്.
ഇന്ത്യാ സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ വിഗ്രഹങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചതായി വിജയകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it