kannur local

500കോടി വേണമെന്ന ഹഡ്‌കോയുടെ ആവശ്യം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ തത്വത്തില്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രായോഗിക രൂപത്തില്‍ സര്‍ക്കാരിന് കീഴിലാവാന്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രസ്‌ക്ലബില്‍ തിരഞ്ഞെടുപ്പ് സംവാദമായ മുന്‍വാക്കില്‍ പങ്കെടുക്കവെയാണ് പരിയാരം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് മുഖ്യമന്ത്രി സൂചിപ്പിച്ചത്.
ഇതോടെ ഈ വര്‍ഷവും നിലവിലുള്ള ഭരണ സമിതിക്ക് കീഴിലായിരിക്കും സ്വാശ്രയ മേഖലയിലെ കോഴ്‌സുകളുടെയടക്കം പ്രവേശനമെന്ന് ഉറപ്പായിരിക്കുകയാണ്. സഹകരണ മെഡിക്കല്‍ കോളജിന് വേണ്ടി ഹഡ്‌കോയില്‍ നിന്ന് നേരത്തെ 46കോടി വായ്പ്പയെടുത്തിരുന്നു. എന്നാലിത് ഇപ്പോള്‍ പലിശയടക്കം 500കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതു പൂര്‍ണമായി ഹഡ്‌കോയിലേക്ക് തിരിച്ചടച്ചാല്‍ മാത്രമേ പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പൂര്‍ണമാവുകയുള്ളൂ. വായ്പയെടുത്ത വകയില്‍ പലിശയടക്കം 92കോടി അടയ്ക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ ഹഡ്‌കോയെ അറിയിച്ചിരുന്നു. അതും ഒറ്റതവണ രീതിയില്‍ തുക അടയ്ക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പീനല്‍പലിശ കുറക്കാമെന്നാണ് അവരുടെ നിലപാട്. ഇതുപ്രകാരം കേവലം 40-50കോടി മാത്രമാണ് കുറയുക. ഇതു കഴിച്ച് ബാക്കിതുക നല്‍കാന്‍ സര്‍ക്കാരിനാവില്ല. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ പലവട്ടം ചര്‍ച്ച നടന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹഡ്‌കോയുടെ ആവശ്യംപോലെ 500കോടി തിരിച്ചടക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റെ പലപ്പോഴായുള്ള പ്രഖ്യാപനം പാതിസത്യം മാത്രമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്.
കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത്. ഇതിനായി പിന്നീട് ബജറ്റില്‍ 100കോടി അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി മന്ത്രിതല ഉപസമിതി പരിയാരം സന്ദര്‍ശിക്കുകയും റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ജില്ലാ കലക്ടര്‍ ആസ്തി-ബാധ്യതയുടെ റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വന്‍പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. പരിയാരം പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ 245 ദിവസം അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തി. പ്രഖ്യാപനം നടക്കാത്തതിനാല്‍ പിന്നീട് നിരാഹര സമരവും സംഘടിപ്പിച്ചു. ഏറ്റെടുക്കുന്നതിന് ബജറ്റില്‍ തുക അനുവദിച്ചതോടെയാണ് നിരാഹര സമരവും അവസാനിപ്പിച്ചത്.
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുത്തില്ലെങ്കില്‍ പ്രക്ഷോഭ സമിതി ചിലമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it