Flash News

4ജിയുമായി ബിഎസ്എന്‍എല്‍ ; ആദ്യ ഘട്ടം മൂന്നു നഗരങ്ങളില്‍



തിരുവനന്തപുരം: അടുത്തവര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ പൂര്‍ണമായും 4ജി ശൃംഖലയിലേക്കു മാറും. നാലു മാസത്തിനുള്ളില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറില്‍ 4ജി സേവനം ലഭ്യമായിത്തുടങ്ങും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാവും സേവനം ലഭിക്കുക. തുടര്‍ന്ന് ഘട്ടങ്ങളായി മറ്റിടങ്ങളും 4ജി ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരും. ഇതിനായി ഈ സാമ്പത്തികവര്‍ഷം 2200 4ജി നെറ്റ്‌വര്‍ക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ബിഎസ്എന്‍എല്ലിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കേരള സര്‍ക്കിളിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 3ജി നെറ്റ്‌വര്‍ക്ക് 4ജി ആയി ഉയര്‍ത്താനുള്ള മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. ഈ പദ്ധതി നടപ്പാവുന്നതോടെ. കേരളത്തിലെ ബിഎസ്എന്‍എല്‍ ശൃംഖല രാജ്യത്തിനുതന്നെ മാതൃകയാവുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 3ജി, 2ജി ശൃംഖലകള്‍ വിപുലീകരിക്കും. ഈ വര്‍ഷാവസാനം 90 ശതമാനം സര്‍ക്കിളുകളും 3ജി ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരും. 3ജി നെറ്റ്‌വര്‍ക്കിന്റെ കവറേജും നിലവാരവും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.ലക്ഷദ്വീപില്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ 10 പുതിയ 2ജി കേന്ദ്രങ്ങളും 12 3ജി കേന്ദ്രങ്ങളും സ്ഥാപിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കല്‍ സാധ്യമല്ലാത്തതിനാല്‍ ഉപഗ്രഹ സാങ്കേതികവിദ്യ വഴിയാവും ഈ പദ്ധതി നടപ്പാക്കുക.
Next Story

RELATED STORIES

Share it