Flash News

37 പേരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ അഞ്ച് അഡീഷനല്‍ ജഡ്ജിമാരെയടക്കം രാജ്യത്തെ അഞ്ചു ഹൈക്കോടതികളിലെ 37 ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കി നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. കേരളത്തില്‍ നിന്നു സതീഷ് നൈനാന്‍, ദേവന്‍ രാമചന്ദ്രന്‍, പി സോമരാജന്‍, വി ഷിര്‍സി, എ എം ബാബു എന്നിവരെ സ്ഥിരം ജഡ്ജിമാരാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവര്‍ അംഗങ്ങളുമായ കൊളീജിയം ശുപാര്‍ശ.
കേരളത്തിന് പുറമെ അലഹബാദ്, രാജസ്ഥാന്‍, ഗുജറാത്ത്, ബോംബെ ഹൈക്കോടതികളിലേക്ക് ഉള്‍പ്പെടെയാണ് 37 പേരെ കൊളീജിയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുപേര്‍ വനിതകളാണ്. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്തണമെന്ന ശുപാര്‍ശയുള്ളത്. 10 പേരെയാണ് ഇവിടെ നിന്നു പരിഗണിച്ചത്.
അതേസമയം, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംയുക്തമായി ഉയര്‍ത്തിക്കാട്ടിയ 10 അഡീഷനല്‍ ജഡ്ജിമാരില്‍ 9 പേരെ മാത്രമേ കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ജ. വീരേന്ദ്രകുമാറിന്റെ പേര് കൊളീജിയം മാറ്റിവയ്ക്കുകയായിരുന്നു.
സുപ്രിംകോടതിയിലേക്ക് രണ്ടു ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത കൊളീജിയം നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് പുതിയ ശുപാര്‍ശ. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന ജ. കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്ര എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. അഡ്വ. ഇന്ദു മല്‍ഹോത്രയെ സുപ്രിംകോടതി ജസ്റ്റിസായി അംഗീകരിച്ചാല്‍ അഭിഭാഷക പദവിയില്‍ നിന്നു സുപ്രിംകോടതി ബെഞ്ചിലെത്തുന്ന ആദ്യ വനിതയായിരിക്കും അവര്‍.
Next Story

RELATED STORIES

Share it