നിംറിന്റെ വധശിക്ഷ: പ്രതിഷേധം കനക്കുന്നു
തെഹ്‌റാന്‍: ഭീകരബന്ധം ആരോപിച്ച് ശിയാപണ്ഡിതന്‍ നിംറ് അലി നിംറിനെ ശിരഛേദം നടത്തിയ സൗദി നടപടിയില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തെ ഇറാന്‍ ഭരണകൂടവും ആത്മീയ നേതൃത്വവും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എന്നാല്‍, മേഖലയെ അസ്ഥിരപ്പെടുത്താന്‍ ഇറാന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നു സൗദി ആരോപിച്ചു. തെഹ്‌റാനിലെ സൗദി എംബസി ഉപരോധിച്ച ശിയാ പ്രക്ഷോഭകര്‍ എംബസിക്കുനേരെ ബോംബെറിയുകയും കെട്ടിടം തീയിട്ടു നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 44 പേര്‍ അറസ്റ്റിലായി. നിംറിന് വധശിക്ഷ നല്‍കിയ സൗദി അറേബ്യക്കു ദൈവകോപമുണ്ടാവുമെന്ന് ഇറാന്‍ ആത്മീയനേതാവ് ആയത്തുല്ലാ അലി ഖാംനഈ പ്രസ്താവിച്ചു.
ശാന്തനായാണ് അദ്ദേഹം മരണം ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സൗദി ശിരസ്‌ഛേദം നടത്തിയ 47 പേരില്‍ ഒരാളാണ് ഖതീഫ് സ്വദേശിയും ശിയാ പണ്ഡിതനുമായ നിംറ്. രാജ്യത്ത് ജനാധിപത്യം വേണമെന്ന ആവശ്യമുയര്‍ത്തി സമരം നടത്തിയതിനാണ് നിംറിനെ വധശിക്ഷയ്ക്കു വിധേയനാക്കിയത്.
ഇദ്ദേഹം ആരെയും സായുധസംഘത്തിലെത്തിക്കുകയോ ക്ഷണിക്കുകയോ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും ആയത്തുല്ലാ അലി ഖാംനഈ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളായിരുന്നു നിംറ്. അതാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലേക്കു നയിച്ചത്. ദൈവത്തിന്റെ പ്രതികാരം സൗദി ഭരണകൂടം ഉടന്‍ അനുഭവിക്കേണ്ടി വരുമെന്നും ആയത്തുല്ലാ അലി ഖാനഈ കൂട്ടിച്ചേര്‍ത്തു.
നിംറിന്റെ രക്തസാക്ഷിത്വത്തിനു സൗദിഭരണകൂടത്തിനു വലിയ വില നല്‍കേണ്ടിവരുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വധശിക്ഷ നടപ്പാക്കിയതോടെ സൗദിയും ഇറാനും തമ്മലുള്ള അഭിപ്രായവ്യത്യാസം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
സൗദി ഭരണകൂടം വധശിക്ഷ നടപ്പാക്കിയതിനെയും തെഹ്‌റാനിലെ സൗദി എംബസിക്കു തീയിട്ടതിനെയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അപലപിച്ചു. സൗദി എംബസിയും കോണ്‍സുലേറ്റും തീവച്ചത് ന്യായീകരിക്കാനിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it