wayanad local

30 ലക്ഷം മുടക്കിയ കാര്‍ഷിക സേവന കേന്ദ്രം ലക്ഷ്യം കണ്ടില്ല

മാനന്തവാടി: സഹകരണ മേഖലയില്‍ ജില്ലയിലെ കര്‍ഷകരെ സഹായിക്കുന്നതിനായി തുടക്കം കുറിച്ച കാര്‍ഷിക സേവന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല. സഹകരണ വകുപ്പ് 30 ലക്ഷത്തോളം രൂപയാണ് ഈ കേന്ദ്രത്തിനായി ചെലവഴിച്ചത്. വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ വെള്ളമുണ്ട എട്ടേനാലിലാണ് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൃഷി വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് ഒരോ ബ്ലോക്കിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അഗ്രോ ക്ലിനിക്കിന്റെ മാതൃകയിലായിരുന്നു സേവനകേന്ദ്രം വിഭാവനം ചെയ്തിരുന്നത്.
താലൂക്കിലെ ചെറുകിട-വന്‍കിട കൃഷിക്കാര്‍ അനുഭവിക്കുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുന്ന വിധത്തില്‍ യന്ത്രവല്‍കൃത കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ഇതിനായി യന്ത്രങ്ങള്‍ മിതമായ നിരക്കില്‍ കേന്ദ്രത്തില്‍ നിന്നും കര്‍ഷകര്‍ക്ക് എത്തിച്ച് ജോലികള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യുന്നത് പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനുവേണ്ടി പ്രദേശത്തു നിന്നും വനിതകളുള്‍പ്പെടെ 15 പേരെ തെരഞ്ഞെടുത്ത് ഇവര്‍ക്ക് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്‍പ്പെടെ വിദഗ്ദ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഗ്രീന്‍ ആര്‍മി എന്ന പേരില്‍ പ്രത്യേക യൂനിഫോമോടെയായിരുന്നു ഇവരെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സേവനകേന്ദ്രം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ ഇവരില്‍ ഭൂരിഭാഗവും കേന്ദ്രം ഉപേക്ഷിച്ച് പോയി. കാടുവെട്ടി യന്ത്രവും, ട്രാക്ടറും വയലിലെ വാഴകള്‍ പിഴുതുന്ന യന്ത്രവുമൊഴിച്ചാല്‍ ആധുനിക യന്ത്രങ്ങളൊന്നും തന്നെ കേന്ദ്രത്തിലെത്തിയില്ല.
തോട്ടം മേഖലയിലേക്ക് യന്ത്രമെത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും എത്തിയില്ല. നിലവില്‍ വാടകക്കെടുത്ത സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ തൈകള്‍ വെച്ച് പിടിപ്പിച്ച് വില്‍പ്പന നടത്തുന്ന ജോലി മാത്രമാണ് നടക്കുന്നത്. എല്ലായിടത്തും സുലഭമായി ലഭിക്കുന്ന കാടുവെട്ടി യന്ത്രം പോലും ഇവിടെ ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. യന്ത്രങ്ങള്‍ വാങ്ങിക്കുന്നതിലുള്‍പ്പെടെ പില ഏജന്‍സികളുമായി ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. കാല്‍കോടിയിലധികം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകേണ്ട കേന്ദ്രമാണ് ഒരു വര്‍ഷത്തിനകം തന്നെ ലക്ഷ്യം കാണാതെ നഷ്ടത്തിലാകുന്നത്.
Next Story

RELATED STORIES

Share it