Pathanamthitta local

24 മണിക്കൂറിനിടെ നാല് മരണം; അച്ചന്‍കോവിലാറിന്റെ ചുഴികളില്‍ ഈ വര്‍ഷം പൊലിഞ്ഞത് 11 ജീവനുകള്‍

പത്തനംതിട്ട: അച്ചന്‍കോവിലാറ്റിലെ അപകടമേഖലകളില്‍ ഈ വര്‍ഷം പൊലിഞ്ഞത് 11 ജീവനുകള്‍. 24 മണിക്കൂറിനിടെ അച്ചന്‍കോവിലാറ്റില്‍ രണ്ട് ദുരന്തമാണ് ഉണ്ടായത്. ഇതില്‍ മരണം നാലും. കൈപ്പട്ടൂര്‍ പാലത്തിന് സമീപം രണ്ട് വിദ്യാര്‍ഥികളാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച ഉഴുവത്ത് ആറാട്ട് കടവില്‍രണ്ട് അയ്യപ്പന്‍മാരാണ് മരിച്ചത്.
പത്തനംതിട്ട മുതല്‍ പന്തളം വരെ ഈ വര്‍ഷം ഇുവരെ മരിച്ചത് 11 പേരാണ്. ജൂലൈ വരെ ഇത് ഏഴു പേരായിരുന്നു. പത്തനംതിട്ട കല്ലറക്കടവിലും പന്തളം ക്ഷേത്രക്കടവിലുമാണ് കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടപ്പെട്ടത്.
കല്ലറക്കടവില്‍ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 25 പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്ന് പരിസരവാസികള്‍ പറയുന്നു. അച്ചന്‍കോവിലാറിന്റെയും മറ്റ് പുഴകളുടെയും അടിത്തട്ട് മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഇതിന് പല കാരണങ്ങളും ഉണ്ട്.
നിരന്തരമായ മണല്‍ വാരല്‍, ചെളിയൂറ്റല്‍, പരിസരത്തെ കുന്നുകളുടെയും കൃഷിയിടങ്ങളുടെയും നാശം എന്നിവ ഇതില്‍ വരും.
ജില്ലയിലെ നദികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മണല്‍ വാരല്‍ നിരോധിച്ചിരിക്കയാണ്. പക്ഷേ കൈപ്പട്ടൂരിനും കുളനടയ്ക്കും ഇടയ്ക്കുള്ള ഭാഗത്ത് മോട്ടോര്‍ ഉപയോഗിച്ച് മണല്‍ ഊറ്റുന്നത് ഇപ്പോഴും തുടരുന്നു. മണല്‍ തീര്‍ന്ന ഇടത്ത് ചെളിയും കുത്തിയെടുത്തു.
പരിസരത്തുള്ള പാടങ്ങള്‍ നശിച്ചതോടെ മഴവെള്ളം നേരിട്ട് കുത്തനെ പുഴയില്‍ ഒഴുകി വരികയും അവശേഷിക്കുന്ന മണല്‍ കൂടി കുത്തൊഴുക്കില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. പാടങ്ങള്‍ വെള്ളം പിടിച്ച് നിര്‍ത്തുകയും ക്രമത്തില്‍ മാത്രം വെള്ളം പുഴയിലേക്ക് വിടുകയും ചെയ്യുന്നു. ഈ അവസ്ഥ ഇപ്പോള്‍ ഇല്ലാതായി. അച്ചന്‍കോവിലാറ്റിലും മറ്റും പുഴ ഒരു വശത്തേക്ക് ഒഴുക്ക് ക്രമപ്പെട്ടിട്ടുണ്ട്. ഈ ഭാഗം വലിയ ചുഴികളാണ്.
മണല്‍ത്തട്ട് ഇല്ലാതായതോടെ വശത്തെ തിട്ട് ഇടിഞ്ഞ് പുഴയില്‍ വീഴുകയും അവിടെ വലിയ ചുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നു.
കൈപ്പട്ടൂര്‍ പാലത്തിനും മറ്റും സമീപത്ത് ഒരു ഭാഗത്തേക്ക് പുഴയുടെ ഒഴുക്ക് ക്രമപ്പെട്ടിട്ടുണ്ട്. അവിടെ വലിയ ചുഴിയും കുഴികളും രൂപപ്പെട്ടു.
Next Story

RELATED STORIES

Share it