World

21 സ്ഥാപനങ്ങളും 27 കപ്പലുകളും യുഎന്‍ ഉപരോധ പട്ടികയില്‍

ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്ക് സഹായം നല്‍കിയെന്നാരോപിച്ച് 27 കപ്പലുകളെയും 21 സ്ഥാപനങ്ങളെയും ഒരു വ്യവസായിയെയും യുഎന്‍ ഉപരോധപട്ടികയില്‍ പെടുത്തി. യുഎസിന്റെ അപേക്ഷപ്രകാരമാണ് നടപടി. ഉത്തരകൊറിയക്കെതിരായ അന്താരാഷ്ട്ര ഉപരോധം ഈ സ്ഥാപനങ്ങളും കപ്പലുകളും വ്യവസായിയും ലംഘിച്ചതായി യുഎന്‍ ഉത്തരവില്‍ പറയുന്നു. ഉത്തരകൊറിയന്‍ ചരക്കുകളുടെ കള്ളക്കടത്തില്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കിയതായും കപ്പലുകള്‍ ഉപയോഗപ്പെടുത്തിയതായും ആരോപിച്ചാണ് ഇവയ്‌ക്കെതിരേ ഉപരോധം ചുമത്താന്‍ യുഎസ് ആവശ്യപ്പെട്ടത്.
ഉത്തരകൊറിയയുടെ ആയുധപരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അവര്‍ക്കെതിരേ യുഎസിന്റെ നിര്‍ദേശപ്രകാരം യുഎന്‍ ഉപരോധം ചുമത്തിയത്. നയതന്ത്ര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പ്രശ്‌നപരിഹാര നീക്കത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് യുഎസും ഉത്തരകൊറിയയും ധാരണയിലെത്തിയിരുന്നു. മെയിലാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച. നയതന്ത്ര ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും ഉത്തരകൊറിയക്കെതിരായ സമ്മര്‍ദം ശക്തമാക്കുമെന്നു ട്രംപ് അറിയിച്ചിരുന്നു.
ഉത്തരകൊറിയക്കെതിരായ  സമ്മര്‍ദം ശക്തമാക്കുന്നതിനെ ആഗോള സമൂഹം അംഗീകരിക്കുന്നതിന്റെ തെളിവാണ് ഉപരോധ പ്രഖ്യാപമെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി പ്രതികരിച്ചു. ഉത്തരകൊറിയക്കു പുറമേ ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, സമോവ, പാനമ, മാര്‍ഷല്‍ ഐലന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളെയാണ് ഉപരോധ പട്ടികയിലുള്‍പ്പെടുത്തിയത്. ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരിയും ക്രൂഡോയിലും അടക്കമുള്ള ചരക്കുകള്‍ മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനാണ് ഈ സ്ഥാപനങ്ങള്‍ സഹായം നല്‍കിയതായി പറയുന്നത്. ഉപരോധ നടപടിയുടെ ഭാഗമായി ഈ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ മരവിപ്പിക്കും.
Next Story

RELATED STORIES

Share it