വിയന്ന: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയില്‍ യുഎന്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിനും തിരഞ്ഞെടുപ്പിനും ധാരണ. യുഎന്‍ മധ്യസ്ഥതയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടത്തിയ സമാധാന ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ഈ വര്‍ഷം അവസാനത്തോടെ രാഷ്ട്രീയ പരിഷ്‌കരണം സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷി പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. 18 മാസത്തിനകം തിരഞ്ഞെടുപ്പു നടത്തും. ആറുമാസത്തെ താല്‍ക്കാലിക അധികാരക്കൈമാറ്റ കാലയളവിനു ശേഷമാവും ഇതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, യുഎന്നിന്റെ സിറിയന്‍ ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുറ എന്നിവരാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്. സിറിയന്‍ സംഘര്‍ഷത്തിനു രാഷ്ട്രീയ പരിഹാരം കാണുന്നതിനു യുഎസും റഷ്യയും മുന്‍കൈയെടുത്ത് സംഘടിപ്പിച്ച യോഗത്തില്‍ യുഎന്‍, ഇയു, അറബ് ലീഗ് പ്രതിനിധികള്‍ സംബന്ധിച്ചു.
സിറിയന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ യുഎന്‍ മേല്‍നോട്ടത്തില്‍ ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ ധാരണയിലെത്തിയെന്നറിയിച്ച ജോണ്‍ കെറി സിറിയക്കാര്‍ നേതൃത്വം നല്‍കുന്ന ആറുമാസത്തെ താല്‍ക്കാലിക സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.
വെടിനിര്‍ത്തലിനു പിന്നാലെയാവും തിരഞ്ഞെടുപ്പ് നടക്കുക. 'തീവ്രവാദികളെ'' കണ്ടെത്തുന്നതിനു ഇതു സഹായിക്കും. ഐഎസ്, നുസ്‌റാ ഫ്രണ്ട് തുടങ്ങിയവയെ ''തീവ്രവാദികളായി' തന്നെ പരിഗണിക്കുമെന്നും കെറി പറഞ്ഞു.
എന്നാല്‍, വെടിനിര്‍ത്തല്‍ കാലയളവില്‍ ഐസിനെയും നുസ്‌റാ ഫ്രണ്ടിനെയും മറ്റു സായുധസംഘങ്ങളെയും പ്രതിരോധിക്കുന്നതിനോ അവര്‍ക്കെതിരേ ആക്രമണം നടത്തുന്നതിനോ തടസ്സമുണ്ടാവില്ല. വെടിനിര്‍ത്തലും രാഷ്ട്രീയ പരിഷ്‌കരണ നടപടികളും പുനപ്പരിശോധിക്കുന്നതിന് ഒരു മാസത്തിനകം യോഗം ചേരാനും ധാരണയിലെത്തി.
Next Story

RELATED STORIES

Share it