Flash News

2021ല്‍ ഒബിസി സെന്‍സസ്‌

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒബിസി സെന്‍സസിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2021 സെന്‍സസിന്റെ ഭാഗമായാണ് മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) പെടുന്നവരുടെ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുക. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് രാഷ്ട്രീയപ്രാധാന്യമുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നത്.
ബ്രിട്ടിഷ് ഭരണകാലത്ത് 1931ലാണ് രാജ്യത്ത് ഇതിനു മുമ്പ് ജാതി തിരിച്ചുള്ള കണക്ക് സെന്‍സസിന്റെ ഭാഗമായി ശേഖരിച്ചത്. ഒബിസി സംവരണം സംബന്ധിച്ച മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിനായി വ്യാപകമായി ആശ്രയിച്ചത് 1931ലെ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ 2021 സെന്‍സസിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമാണ് ഒബിസി വിഭാഗക്കാരുടെ കണക്കെടുപ്പ് സംബന്ധിച്ച വിവരം പുറത്തുവന്നത്.
ഇതാദ്യമായി ഒബിസി വിഭാഗക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പദ്ധതിയിടുകയാണെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് പ്രതികരിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഒ) 2006ല്‍ പുറത്തുവിട്ട സാംപിള്‍ സര്‍വേ റിപോര്‍ട്ടില്‍ രാജ്യത്തെ ജനസംഖ്യയുടെ 41 ശതമാനത്തോളമാണ് ഒബിസി വിഭാഗക്കാരെന്ന് പരാമര്‍ശിച്ചിരുന്നു. ഗ്രാമീണ മേഖലകളിലെ 79,306 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 2006ലെ സാംപിള്‍ സര്‍വേ റിപോര്‍ട്ട് പൂര്‍ത്തിയാക്കിയത്.
രാജ്യത്ത് ഒബിസി സര്‍വേ നടത്തുന്നതിനായി ഒബിസി സംഘടനകള്‍ നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. 2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസ് സംഘടിപ്പിച്ചിരുന്നു. 2015 ജൂലൈ മൂന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, സെന്‍സസിലെ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ 8.19 കോടി തെറ്റുകളുള്ളതായി 2015 ജൂലൈ 28ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 6.73 കോടി തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നവയാണെന്നും എന്നാല്‍, 1.45 കോടി തെറ്റുകള്‍ തിരുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
2021 സെന്‍സസിന്റെ തുടര്‍നടപടികള്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. ഇന്നലെ നടന്ന വിശകലനയോഗത്തില്‍ 2021 സെന്‍സസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും വക്താവ് അറിയിച്ചു. കണക്കെടുപ്പിനായി 25 ലക്ഷത്തോളം എന്യൂമറേറ്റര്‍മാരെ നിയോഗിക്കും. മാപ്പുകളുടെയും ജിയോ റഫറിങിന്റെയും സഹായത്തോടെ വീടുകളുടെ കണക്കെടുക്കുന്നതും പരിഗണിക്കും.

Next Story

RELATED STORIES

Share it