Flash News

2005ലെ ഡല്‍ഹി സ്‌ഫോടനങ്ങള്‍: രണ്ടു പ്രതികളെ വെറുതെ വിട്ടു, ഒരാള്‍ക്ക് 10 വര്‍ഷം തടവ്

2005ലെ ഡല്‍ഹി സ്‌ഫോടനങ്ങള്‍: രണ്ടു പ്രതികളെ വെറുതെ വിട്ടു, ഒരാള്‍ക്ക് 10 വര്‍ഷം തടവ്
X
DELHI-blasts



ന്യൂഡല്‍ഹി: 2005 ല്‍ ഡല്‍ഹിയിലുണ്ടായ സ്‌ഫോടനപരമ്പരകള്‍ സംബന്ധിച്ച കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരെ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെവിട്ടു. ഒരാളെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചിട്ടുമുണ്ട്. മുഹമ്മദ് റഫീഖ് ഷാ, കശ്മീരി സ്വദേശി മുഹമ്മദ് ഹുസൈന്‍ ഫാസില്‍ എന്നിവരെയാണ് വെറുതെവിട്ടത്. കശ്മീര്‍ പാംബോര്‍ സ്വദേശി താരീഖ് അഹമ്മദ് ധറിനെയാണ് പത്തുവര്‍ഷം തടവിന് വിധിച്ചത്്്.വിധി ഡല്‍ഹി പൊലിസിനു കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്്.  പ്രതികള്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) ഉള്‍പ്പെടെയുള്ള കനത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.  എട്ടുവര്‍ഷം നീണ്ട വിചാരണയ്ക്കിടെ താരീഖുമായി മുഹമ്മദ് റഫീഖിനും മുഹമ്മദ് ഹുസൈനുമുള്ള ബന്ധം പ്രോസികൂഷനു തെളിയിക്കാനായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയെന്നാരോപിച്ചാണ് താരീഖ് അഹമ്മദ് ധറിനെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി രിതീഷ് സിങ് തടവിനു ശിക്ഷിച്ചത്. ഇതിനകം 12 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ ഇയാള്‍ ഉടന്‍ മോചിതനാവും.
2005 ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ ദിപാവലിക്കു മൂന്നുദിവസം മുമ്പാണ് സ്‌ഫോടനങ്ങള്‍ നടന്നത്. വൈകീട്ട് 5.30ന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു സമീപത്തെ പഹാഡ്ഗഞ്ച് മാര്‍ക്കറ്റിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. 20 മിനിറ്റുകള്‍ക്കകം കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ് പുരിയിലും അഞ്ചുമിനിറ്റ് വ്യത്യാസത്തില്‍ ദക്ഷിണ ഡല്‍ഹിയിലെ തിരക്കേറിയ സരോജിനി മാര്‍ക്കറ്റിലും സ്‌ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തില്‍ 67 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it