+2 80.94% വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 80.94 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയത്തില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ ഫലമടങ്ങിയ സിഡിയും ബുക്ക്‌ലെറ്റും കൈമാറിയാണ് ഫലം പ്രഖ്യാപിച്ചത്.
വിജയശതമാനം തീരെ കുറയാതിരിക്കാന്‍ ഹയര്‍ സെക്കന്‍ഡറിക്ക് മോഡറേഷന്‍ ഏര്‍പ്പെടുത്തിയാണ് ഫലം നിര്‍ണയിച്ചത്. 2,033 സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍നിന്നായി 3,61,683 പേര്‍ പരീക്ഷയെഴുതിയതില്‍ 2,92,753 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹരായി.
1,90,536 പെണ്‍കുട്ടികളില്‍ 1,67,167 പേര്‍ (87.74) വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ പരീക്ഷയെഴുതിയ 1,71,146 പേരില്‍ 1,25,586 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ (84.86) ജില്ലയും പിന്നില്‍ പത്തനംതിട്ട (72.4) ജില്ലയുമാണ്.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോള്‍ നൂറുമേനി വിജയം നേടിയ സ്‌കൂളുകള്‍ കൂടി. 9,870 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചത്. കൂടുതല്‍പേര്‍ എ പ്ലസ് ഗ്രേഡ് നേടിയ ജില്ല കൊല്ലമാണ്- 1111. കഴിഞ്ഞ വര്‍ഷം ഇത് തിരുവനന്തപുരമായിരുന്നു. സംസ്ഥാനത്തെ 72 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. കഴിഞ്ഞ വര്‍ഷം 59 സ്‌കൂളുകള്‍ക്കായിരുന്നു നൂറുമേനി.
30ല്‍ താഴെ വിജയശതമാനമുള്ള 107 സ്‌കൂളുകളാണുള്ളത്. 125 വിദ്യാര്‍ഥികള്‍ 1,200ല്‍ 1,200 മാര്‍ക്കും കരസ്ഥമാക്കി. കൂടുതല്‍ വിദ്യാര്‍ഥികളെ (826 പേര്‍) പരീക്ഷയ്ക്ക് സജ്ജമാക്കിയ പട്ടം സെന്റ് മേരീസ് സ്‌കൂള്‍ 93.22 ശതമാനം പേരെ ഉപരിപഠനത്തിന് അര്‍ഹരാക്കി.
ഒന്നാംവര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് ഫലം നിര്‍ണയിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം വിഷയങ്ങള്‍ക്ക് ഇരട്ടമൂല്യനിര്‍ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന പേപ്പറുകള്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തിയതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it