kasaragod local

2.4 ലക്ഷം രൂപയും വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസ് : ഒരാള്‍ അറസ്റ്റില്‍



കാസര്‍കോട്: തിരുവനന്തപുരം സ്വദേശിയായ വാച്ച് വ്യാപാരിയെ വിളിച്ച് വരുത്തിയ ശേഷം 2.4 ലക്ഷം രൂപയും വാച്ചും തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരനെ കാസര്‍കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ചെമനാട് ദേളി ഉലൂജി ഹൗസിലെ ബി എം സമീറി(35)നെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദ്യാനഗര്‍ ചാലയിലെ ഭാര്യവീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 2014 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മണര്‍ക്കാട് കണിപ്പാന്‍കുളം സ്വദേശിയും വാച്ച് വ്യാപാരിയുമായ എം നിസാം (26), ഇവരുടെ സഹായി നഗരാജ് എന്നിവരേയാണ് കവര്‍ച്ച ചെയ്തത്. നിസാം വില കൂടിയ സെക്കന്റ്ഹാന്റ് വാച്ചുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രത്തില്‍ പരസ്യം കൊടുത്തിരുന്നു. പരസ്യം കണ്ട സമീര്‍ വാച്ചുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിസാമിനെ കാസര്‍കോട്ടെക്ക് വിളിച്ച് വരുത്തുകയായിരുന്നു. നിസാമും സഹായിയും കാസര്‍കോട്ടെത്തിയപ്പോള്‍ സമീര്‍ അടങ്ങുന്ന നാലംഗ സംഘം കാറില്‍ കയറ്റുകയും മൂന്ന് ലക്ഷം രൂപ വിലവരുന്ന വാച്ചുകളുണ്ടെന്ന് പറഞ്ഞ് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോവുകയും കളിത്തോക്ക്, കത്തി എന്നിവ കാണിച്ച് ഭീഷണിപ്പെടുത്തി നിസാമിന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചും മൊബൈല്‍ ഫോണും നാഗരാജിന്റെ 5000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പരാതി. നിസാമിന്റെ പരാതിയില്‍ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കര്‍ണാടക ഉപ്പിനങ്ങാടിയിലെ അബ്ദുര്‍ റസാഖ്, ഉമര്‍ഫാറൂഖ് എന്നിവരെ പിടികിട്ടാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. കവര്‍ച്ച ചെയ്ത വാച്ച് ഭാര്യവീട്ടില്‍ നിന്നും കണ്ടെത്തി. അറസ്റ്റിലായ സമീര്‍ സീരിയല്‍ നടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു യുവാവിനെ നുള്ളിപ്പാടിയിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം പണം തട്ടിയെടുത്ത കേസിലും മടിക്കേരിയില്‍ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it