1987-2001: സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പാമൊലിന്‍ - ചാരക്കേസുകളും

1987 മാര്‍ച്ചില്‍ എട്ടാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 78 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ പ്രതിപക്ഷ നേതാവുമായി. ജനതാപാര്‍ട്ടി നേതാവ് എം പി വീരേന്ദ്രകുമാര്‍ ഏപ്രില്‍ 2ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും പാര്‍ട്ടിയിലെ എതിര്‍പ്പു മൂലം രണ്ട് ദിവസത്തിനു ശേഷം രാജിവയ്‌ക്കേണ്ടി വന്നു. പ്രതിപക്ഷത്തായിരുന്ന പി ജെ ജോസഫ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സുമായി തെറ്റി ഇടതുമുന്നണിയില്‍ ചേര്‍ന്നു.
അന്ന് ജോസഫിനൊപ്പമായിരുന്ന ബാലകൃഷ്ണപ്പിള്ള യുഡിഎഫില്‍ തുടര്‍ന്നു. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി 1990 ജനുവരി 15ന് പിള്ളയുടെ നിയമസഭാംഗത്വം റദ്ദാക്കി. സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം നടത്താനായത് രണ്ടാം നായനാര്‍ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. 1991 ജനുവരിയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം നേടി. സര്‍ക്കാരിന് ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവാന്‍ ഏറ്റവും പറ്റിയ സാഹചര്യം ഇതാണെന്ന് ഇടതുമുന്നണി വിലയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനായി 1991ല്‍ എട്ടാം കേരള നിയമസഭ പത്തുമാസം മുമ്പേ പിരിച്ചുവിട്ടു.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംബത്തൂരില്‍ എല്‍ടിടിഇയുടെ ചാവേര്‍ ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. രാജീവ് ഗാന്ധിയുടെ ആകസ്മികമരണം സൃഷ്ടിച്ച സഹതാപതരംഗം യുഡിഎഫിനെ വിജയത്തിലെത്തിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 1991 ജൂണ്‍ 17ന് നായനാര്‍ മന്ത്രിസഭ രാജിവച്ചു. 1991 ജൂണ്‍ 21ന് നിലവില്‍ വന്ന ഒമ്പതാം നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയ യുഡിഎഫ് മന്ത്രിസഭ രൂപീകരിച്ചു. 48 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ജൂണ്‍ 24ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. കോണ്‍ഗ്രസ്സില്‍ കരുണാകര, ആന്റണി വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് തുടക്കം മുതല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി നില്‍ക്കുന്ന പാമൊലിന്‍ കേസിന് ആധാരമായ ഇടപാട് നടക്കുന്നത് ഇക്കാലത്താണ്.
1992 ജൂണ്‍ 2ന് കഴക്കൂട്ടത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ കരുണാകരന്‍ വിദേശത്ത് ചികില്‍സയ്ക്ക് പോയി. മന്ത്രി സി വി പത്മരാജനായിരുന്നു ഈ കാലയളവില്‍ മുഖ്യമന്ത്രിയുടെ ചുമതല. ചികില്‍സ കഴിഞ്ഞ കരുണാകരന്‍ തിരിച്ചെത്തിയപ്പോഴേക്കും എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അതിരൂക്ഷമായിക്കഴിഞ്ഞിരുന്നു.
1995 ജൂണ്‍ 15ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിയും അബ്ദുസമദ് സമദാനിയും ഇ ബാലാനന്ദനും തിരഞ്ഞെടുക്കപ്പെട്ടു. എ ഗ്രൂപ്പുകാരനായ എം എ കുട്ടപ്പനെ തഴഞ്ഞ് മുസ്‌ലിംലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ചു. ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞന്‍മാര്‍ക്കെതിരേ കുപ്രസിദ്ധമായ ചാരക്കേസ് ഉയര്‍ന്നു വന്നത് ഈ കാലഘട്ടത്തിലാണ്. കേസില്‍ ആരോപണവിധേയനായ ഐ ജി രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കരുണാകരന്റെ രാജിക്ക് കോണ്‍ഗ്രസ്സില്‍ നിന്ന് ആവശ്യം ഉയര്‍ന്നു. പഞ്ചസാര ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ച് എ കെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നാടകീയമായി മടങ്ങിയെത്തുകയും ഘടകകക്ഷികള്‍ ഒന്നൊന്നായി കൈവിടുകയും ചെയ്തതോടെ 1995 മാര്‍ച്ച് 16ന് കെ കരുണാകരന്‍ രാജിവച്ചു.
സിപിഎമ്മിലെ അസ്വാരസ്യങ്ങള്‍ 1993ല്‍ കെ ആര്‍ ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുന്നതിലേക്ക് നീങ്ങിയതോടെ, അവര്‍ ജെഎസ്എസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനും ഒമ്പതാം നിയമസഭ സാക്ഷിയായി. മുസ്‌ലിംലീഗില്‍ ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടും സംസ്ഥാന ഘടകവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 1992ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറിയിലേക്ക് നീങ്ങി. ലീഗ് വിട്ട സുലൈമാന്‍ സേട്ട് 1994 ഏപ്രില്‍ 23ന് ഐഎന്‍എല്‍ രൂപീകരിച്ചു. സഹകരണ മേഖലയില്‍ സ്വാശ്രയ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഡിവൈഎഫ്‌ഐ അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചു.
1994 നവംബര്‍ 25ന് കൂത്തുപറമ്പിലുണ്ടായ പോലിസ് വെടിവയ്പ്പില്‍ അഞ്ചു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദാരുണസംഭവം ഒമ്പതാം നിയമസഭയെ ഇളക്കി മറിച്ചു. കരുണാകരന്റെ രാജിയെ തുടര്‍ന്ന് 1995 മാര്‍ച്ച് 16ന് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. മന്ത്രിയാവാന്‍ വേണ്ടി പി പി തങ്കച്ചന്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ച ഒഴിവില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. വി എസ് അച്യുതാനന്ദനായിരുന്നു ഒമ്പതാംസഭയിലെ പ്രതിപക്ഷനേതാവ്. യു എ ബീരാന്റെ നിര്യാണത്തെ തുടര്‍ന്ന് 1995 മെയ് 30ന് നടന്ന തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ആന്റണി നിയമസഭാംഗമായി. ഇതിനിടെ കെ കരുണാകരന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് കേന്ദ്രമന്ത്രിയായി.
കേരളത്തില്‍ സമ്പൂര്‍ണ ചാരായ നിരോധനം ഏര്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനം എടുത്തത് ആന്റണി മന്ത്രിസഭയായിരുന്നു. ഒമ്പതാം നിയമസഭ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി 1996 ഏപ്രിലില്‍ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഇടതുമുന്നണിയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വി എസ് അച്യുതാനന്ദന്റെ മാരാരിക്കുളത്തെ അപ്രതീക്ഷിത പരാജയമായിരുന്നു പത്താം കേരള നിയമസഭയിലേക്ക് 1996 ഏപ്രില്‍ 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ, യുഡിഎഫ് ടിക്കറ്റില്‍ എംഎല്‍എ ആവുന്നതിനും ആറന്മുളയില്‍ എം വി രാഘവന്‍ കവി കടമ്മനിട്ട രാമകൃഷ്ണനോട് പരാജയപ്പെടുന്നതിനും 1996 ലെ തിരഞ്ഞെടുപ്പ് വേദിയായി.
ചാരായ നിരോധനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 59 സീറ്റുമായി പ്രതിപക്ഷത്തേക്കും 80 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലേക്കും നീങ്ങി. സിപിഎം സംസ്ഥാന സമിതിയില്‍ ഉണ്ടായ അപ്രതീക്ഷിത നീക്കത്തിലൂടെ നിയമസഭാംഗമല്ലാതിരുന്ന ഇ കെ നായനാര്‍ മൂന്നാംതവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന വിശേഷണവും അദ്ദേഹത്തിന് കൈവന്നു. കെ പി മമ്മുമാസ്റ്റര്‍ രാജിവച്ച് നടത്തിയ തലശ്ശേരി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നായനാര്‍ നിയമസഭയിലെത്തി. പത്താം നിയമസഭയിലെ പ്രതിപക്ഷ നേതാവ് എ കെ ആന്റണിയും സ്പീക്കര്‍ എം വിജയകുമാറും ആയിരുന്നു.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കിയ കരാറാണ്, പിന്നീട് വിവാദമായ ലാവ്‌ലിന്‍ കേസിന് ആധാരമായത്. ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ തിരഞ്ഞെടുത്തതോടെ 1998 ഒക്ടോബര്‍ 19ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.
2000ല്‍ ആര്‍എസ്പി പിളര്‍ന്ന് ബേബി ജോണിന്റെ നേതൃത്വത്തില്‍ ആര്‍എസ്പി ബി (ബോള്‍ഷെവിക്) രൂപീകരിച്ച് യുഡിഎഫിലേക്ക് മാറി. ബേബി ജോണ്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവില്‍ വി പി രാമകൃഷ്ണപിള്ള മന്ത്രിയായി. സര്‍ക്കാരിന്റെ പതാക വാഹക പദ്ധതിയായി സംസ്ഥാനത്ത് ജനകീയാസൂത്രണത്തിന് തുടക്കം കുറിക്കാനായത് നായനാര്‍ മന്ത്രിസഭയുടെ നേട്ടമായി. പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് തമിഴ്‌നാട് പോലിസിന് കൈമാറിയത് ഈ കാലത്തായിരുന്നു. ഭരണ നേട്ടമായി ഈ അറസ്റ്റും ഉയര്‍ത്തിക്കാട്ടിയാണ് 2001ല്‍ നായനാര്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

(തുടരും.....)
Next Story

RELATED STORIES

Share it