Flash News

15 സംസ്ഥാനങ്ങളില്‍ ഇന്നു കനത്ത മഴയ്ക്ക് സാധ്യത: ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി/തിരുവനന്തപുരം: രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നു ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം.
ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഇടിയോടു കൂടിയ മഴ പെയ്യാനിടയുണ്ട്.
അതേസമയം, അടുത്ത 24 മണിക്കൂറിനകം കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, കാസര്‍കോഡ്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ലക്ഷദ്വീപില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ മഴയ്ക്കു സാധ്യതയുള്ളൂ. ഇന്നലെ കോന്നി- 8, മങ്കൊമ്പ്- 7, ചേര്‍ത്തല, കുരുടമണ്ണില്‍- 5, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്- 4 സെമീ വീതം മഴ രേഖപ്പെടുത്തി. ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it