Gulf

13 വര്‍ഷമായി നാട്ടില്‍ പോകാത്ത മീരാന്‍ ഒടുവില്‍ മടങ്ങിയത് ജീവനറ്റ ശരീരമായി

13 വര്‍ഷമായി നാട്ടില്‍ പോകാത്ത മീരാന്‍ ഒടുവില്‍ മടങ്ങിയത് ജീവനറ്റ ശരീരമായി
X
meeran

ദോഹ: ഒരു പതിറ്റാണ്ടിലേറെയായി ഖത്തറിന്റെ മരുഭൂമിയില്‍ മക്കള്‍ക്കു വേണ്ടി കഷ്ടപ്പെടുന്ന തമിഴ്‌നാട് സ്വദേശി ഒടുക്കം മടങ്ങിയത് മൃതദേഹമായി. ഇക്കാലത്തിനിടയ്ക്ക് ഒന്നും സമ്പാദിക്കാന്‍ കഴിയാതിരുന്ന അദ്ദേഹത്തിന്റെ മയ്യിത്ത് കൊണ്ടു പോയത് നാട്ടുകാരുടെ സഹായത്തോടെ. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍പ്പെട്ട ചിന്നമുതണ്ടിപ്പട്ടി സ്വദേശിയായ അബ്്ദുല്‍ ഖാദര്‍ മീരാനാണ് ഈ ഹതഭാഗ്യന്‍.

67കാരനായ മീരാന്‍ സപ്തംബര്‍ 23ന് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന അദ്ദേഹം 2001ലോ 2002ലോ ആണ് അവസാനമായി നാട്ടില്‍ പോയത്. ഗള്‍ഫ് ടൈംസില്‍ മീരാന്റെ മരണ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ദോഹയിലെ ഒരു പ്രവാസി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവാനുള്ള ചെലവ് വഹിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു.

അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് ഇതിനുള്ള പണം സ്വരൂപിച്ചു. തുടര്‍ന്ന് മലയാളിയായ ജീവകാരുണ്യപ്രവര്‍ത്തകന്‍ അബ്്ദുല്‍ സലാമിന്റെ സഹായത്തോടെയാണ് മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുള്ളയാളാണ് അബ്്ദുല്‍ സലാം.

അതിനിടെ, മീരാന്റെ നാട്ടുകാരനായ അബൂബക്കര്‍ മൃതദേഹത്തെ അനുഗമിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. ഇവിടെ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയാണ് അബൂബക്കര്‍. കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ പല ജോലികളും ചെയ്തുവരികയായിരുന്നു മീരാന്‍. ഒടുവില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 18ല്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന കെട്ടിടത്തിലെ താമസ സ്ഥലത്താണ് മരിച്ചത്.

ഭാര്യയും അഞ്ചു പെണ്‍മക്കളുമായിരുന്നു അദ്ദേഹത്തിന്. പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കുക എന്നലക്ഷ്യമായിരുന്നു 67ാം വയസ്സിലും പ്രവാസ ജീവിതം തുടരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അവസാനത്തെ മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്കു മുമ്പ് മീരാന്റെ അസാന്നിധ്യത്തിലാണ് നടന്നത്. അവസാനമായി നാട്ടില്‍ പോയ സമയത്ത് ആദ്യ മകളുടെ വിവാഹത്തിന് മാത്രമാണ് അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചത്. മക്കളെ മുഴുവന്‍ കെട്ടിച്ചയക്കാനുള്ള പണം സ്വരുക്കൂട്ടാനുള്ള പെടാപ്പാടിനിടയില്‍ ഓരോ തവണയും നാട്ടിലേക്കുള്ള യാത്രകള്‍ മുടങ്ങുകയായിരുന്നു. ഒടുവില്‍ അവസാനത്തെ മകളെയും വിവാഹം ചെയ്തയച്ച സംതൃപ്തിയോടെ ഈ ലോകത്ത് നിന്ന് തന്നെ യാത്രയാവുകയായിരുന്നു മീരാന്‍.
Next Story

RELATED STORIES

Share it