Kottayam Local

12ാം വര്‍ഷവും വ്രതമനുഷ്ടിച്ച് അനീഷ് കുമാര്‍



എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: പതിവുതെറ്റാതെ 12ാം വര്‍ഷവും പായിപ്പാട് ചന്തതുണ്ടിയില്‍ അനീഷ്‌കുമാര്‍ (31) റമദാന്‍ വ്രതാനുഷ്ടാനത്തിന്റെ നിര്‍വൃതിയിലാണ്. കഴിഞ്ഞ 11 വര്‍ഷക്കാലത്തെപ്പോലെ ഇത്തവണയും കൃത്യനിഷ്ടയോടെ നോമ്പെടുക്കുമ്പോള്‍ റമദാന്‍ വ്രതത്തിന്റെ ഗുണങ്ങളെ കുറിച്ച് അനീഷിനു പറയാനേറെയാണ്. വീടിനു സമീപമുള്ള പായിപ്പാട് മുസ്‌ലിംപള്ളിയിലെ ബാങ്കുവിളികേട്ടാണു താനുണരുന്നത്. പള്ളിയിലെ പ്രഭാഷണങ്ങള്‍ സ്ഥിരമായി ശ്രദ്ധിക്കാറുമുണ്ട്. വ്രതത്തിന്റെ ഗുണത്തെ കുറിച്ചും അതനുഷ്ടിക്കേണ്ട ആവശ്യകതയെ കുറിച്ചുമെല്ലാം പള്ളിയിലെ ഇമാമിന്റെ പ്രഭാഷണത്തില്‍നിന്ന് മനസ്സിലാക്കാനായി. ഒപ്പം താന്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി ഷോപ്പിങ് കോംപ്ലക്‌സിലെ ഓറഞ്ച് ബ്യൂട്ടി ഷോപ്പ് എന്ന സ്ഥാപന ഉടമ ആലയില്‍ അജ്മല്‍ എന്നയാളും നോമ്പുപിടിക്കുന്നതിനെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെയാണ് ആദ്യമായി നോമ്പെടുക്കണമെന്ന ആഗ്രഹമുണ്ടാവുന്നത്. ആദ്യവര്‍ഷം 15 എണ്ണമാണ് പിടിക്കാനായത്. അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ ദിവസവും നോമ്പെടുത്തു. അങ്ങനെ റമദാന്‍കാലമായാല്‍ മനസ്സിനാകെ ഒരു കുളിര്‍മയാണ്. പുലര്‍ച്ചെ 3.30ഓടെ അമ്മ ലളിത ആഹാരം പാകംചെയ്തു തരും. തുടര്‍ന്ന് തന്റെ വിശ്വാസമനുസിരിച്ചുള്ള പ്രാര്‍ഥന വീട്ടില്‍ നിര്‍വഹിക്കും. വൈകീട്ടോടെ പുതൂര്‍പ്പള്ളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നോമ്പുതുറ. അവിടെയെത്തുന്ന വിശ്വാസികളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നോമ്പു മുറിച്ചശേഷവും പ്രാര്‍ഥിക്കാറുണ്ട്. ദൈവത്തോട് ഏറെ അടുക്കാന്‍ മനസ്സ് വെമ്പല്‍കൊള്ളുന്ന അനുഭവങ്ങള്‍ തനിക്കുണ്ടാവാറുണ്ടെന്നും അനീഷ് പറയുന്നു. അറിഞ്ഞും അറിയാതെയും എല്ലാ തെറ്റില്‍ നിന്നും മാറിനില്‍ക്കാന്‍ നോമ്പു മനസ്സിനെ പ്രേരിപ്പിക്കുന്നു. ഒപ്പം മനസ്സില്‍ അറിയാതെ കരുണയും കടന്നുവരും. അച്ഛനും അമ്മയും റമദാന്‍ വ്രതമനുഷ്ടിക്കുന്നതിനു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഒപ്പം തൊടുപുഴ സ്വദേശിയായ ഭാര്യ ശ്രീജയും അവരുടെ കുടുംബവും. കടയുടമയുടെ വീട്ടിലായിരിക്കും എല്ലാ വര്‍ഷത്തെയും പെരുന്നാള്‍ ആഘോഷം. ഭാവിയില്‍ റമദാന്‍ നോമ്പനുഷ്ടിക്കാന്‍ ദൈവം അനുഗ്രഹിക്കണമെന്ന പ്രര്‍ത്ഥനമാത്രമാണ് മനസ്സിലുള്ളതെന്നും അനീഷ് പറയുന്നു.
Next Story

RELATED STORIES

Share it