12കാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ കുറ്റക്കാരന്‍: ശിക്ഷ ഇന്നു വിധിക്കും

തൃശൂര്‍: 12കാരിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ പാസ്റ്റര്‍ കുറ്റക്കാരനെന്നു കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്ന കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍വീട്ടില്‍ സനില്‍ കെ ജെയിംസാണ് പ്രതി.
തൃശൂരിലെ പോക്‌സോ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയായ ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീറാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഐപിസി 376(2) എഫ്, 2012ലെ ലൈംഗികാതിക്രമണങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം നാലാം വകുപ്പിലെ പ്രവേശിത ലൈംഗികാതിക്രമ പ്രകാരവും അഞ്ചാം വകുപ്പിലെ ഗൗരവതര പ്രവേശിത വകുപ്പു പ്രകാരവുമാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതി താമസിച്ചിരുന്ന പള്ളിമേടയില്‍ വച്ച് 2014 ഏപ്രില്‍ മധ്യവേനല്‍ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം.
പീച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒല്ലൂര്‍ സിഐ ഉമേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്‌സി-എസ്ടി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനും പ്രതിക്കെതിരേ പീച്ചി പോലിസില്‍ കേസുണ്ട്. അതിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലിസ് കേസന്വേഷണം നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.
പ്രോസിക്യൂഷനു വേണ്ടി പയസ് മാത്യൂ ഹാജരായി. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രല്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2012 പ്രകാരമുള്ള കേസുകള്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it