11 പേരെ കാണാനില്ലെന്ന കേസ്: പരാതി പോലിസ് തയ്യാറാക്കിയതെന്ന് ഹമീദ്

കാസര്‍കോട്: ചെമനാട്ടെയും കൊല്ലമ്പാടിയിലെയും രണ്ടു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം 11 പേരെ കാണാനില്ലെന്ന പരാതി പോലിസ് തയ്യാറാക്കിയതാണെന്ന് ചെമനാട് മുണ്ടാക്കുളം സ്വദേശി അബ്ദുല്‍ ഹമീദ്.
ദുബയില്‍ കട നടത്തുന്ന മരുമകനെയും മകളെയും പേരമക്കളെയും കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് തന്റെ കുടുംബം മനപ്രയാസത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കാസര്‍കോട് പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലിസ് തയ്യാറാക്കിയ പരാതിയില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ ഹമീദ് പറയുന്നു.
എന്‍ഐഎയുടെ നിര്‍ദേശപ്രകാരമാണ് പരാതി ഒപ്പിട്ടുവാങ്ങിയതെന്ന് പോലിസ് പറഞ്ഞതായും അബ്ദുല്‍ ഹമീദ് പറയുന്നു. ഒപ്പിടുന്ന സമയത്ത് വായിച്ചുനോക്കിയിരുന്നില്ല. വീട്ടിലെത്തി രാത്രിയോടെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സംഭവം അറിയുന്നത്. മകളെയും ഭര്‍ത്താവിനെയും കൊച്ചുമക്കളെയും കാണാനില്ലെന്ന പരാതിയാണ് താന്‍ നല്‍കിയതെന്നും മറിച്ചുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
കാണാതായി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പുപോലും മകളെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ദുബയില്‍ നിന്നു യമനിലേക്ക് മതപഠനത്തിനായി പോകുന്നുവെന്ന് അറിയിച്ചിരുന്നു. അവിടെ എത്തിയ ശേഷം നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നുവെന്നും ഹമീദ് പറഞ്ഞു.
Next Story

RELATED STORIES

Share it