Flash News

108നു പകരം അഡ്വാന്‍സ്ഡ് ലൈഫ് സേവിങ് ആംബുലന്‍സ് വരുന്നു



തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസിനു പകരം അത്യാധുനിക സംവിധാനങ്ങളുള്ള ട്രോമാ കെയര്‍ അഡ്വാന്‍സ്ഡ് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ക്കു സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പില്‍ പദ്ധതി. 108 സര്‍വീസുകള്‍ പ്രതിസന്ധിയിലായതോടെ ഇതു നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതിനിടെയാണ് പുതിയ സര്‍വീസിന് പദ്ധതിയിടുന്നത്.  അപകടം നടന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിച്ചേരുന്ന ജിപിഎസ് തീവ്രപരിചരണ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കാനാണു ശ്രമം. എന്നാല്‍, ഈ സംവിധാനത്തോടൊപ്പം 108 ആംബുലന്‍സുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സാമ്പത്തിക ബാധ്യത പറഞ്ഞാണ് നിരത്തിലുള്ള 108 ആംബുലന്‍സുകള്‍ പിന്‍വലിക്കുകയും പുതിയവ വാങ്ങാതെയും പദ്ധതിക്ക് വിരാമമിടാന്‍ ശ്രമിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെ സര്‍വീസ് നടത്തിയ 108 വാഹനങ്ങള്‍ നിരത്തില്‍ നിന്നു പിന്‍വലിക്കണമെന്നും പുതിയവ വാങ്ങണമെന്നും നടത്തിപ്പു ചുമതലയുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും ധനകാര്യ പരിശോധനാ വിഭാഗവും റിപോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്്.സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ആംബുലന്‍സുകള്‍ വാങ്ങുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആലപ്പുഴയിലും തിരുവനന്തപുരത്തുമായി 43 ആംബുലന്‍സുകളാണ് 108നു വേണ്ടി സര്‍വീസ് നടത്തുന്നത്. ഇതില്‍ 11 എണ്ണം കട്ടപ്പുറത്താണ്. മറ്റുള്ള വാഹനങ്ങളും മാറ്റിവാങ്ങേണ്ട സ്ഥിതിയിലാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന പല വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടാനിടയില്ലെന്നു വ്യക്തമാക്കിയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സര്‍ക്കാരിനു കത്ത് നല്‍കിയത്. എന്നാല്‍, പദ്ധതി ഉപേക്ഷിക്കുന്നുവെന്ന സൂചന ലഭിച്ചതോടെ പുതിയതായി വാങ്ങാന്‍ തീരുമാനിച്ചിരുന്ന 570 ആംബുലന്‍സുകളും വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. 287 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്കും 283 പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുകളും വാങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ 50 കോടി രൂപ കേന്ദ്ര ഫണ്ടും ലഭിച്ചിരുന്നു. എന്നാല്‍, ഈ ഫണ്ട് മെയിന്റനന്‍സ് ഇനത്തില്‍ ചെലവഴിച്ചു പുതിയ വാഹനം വാങ്ങുന്നതില്‍ നിന്ന് ആരോഗ്യവകുപ്പ് പിന്‍മാറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it