malappuram local

100 ഏക്കര്‍ ഭൂമി നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

അരീക്കോട്:  കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ അറിവോടെ സ്വകാര്യ കമ്പനി  പുഴ പുറമ്പോക്ക് ഭൂമി വ്യാപകമായി  കൈയേറി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. കീഴുപറമ്പ് മുറിഞ്ഞമാടില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ  ടൂറിസം കമ്പനി ഗ്രാമപ്പഞ്ചായത്തിന്റെ അറിവോടെ ചാലിയാര്‍ തീരമാണ് കൈയേറുന്നത്.  ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി 100 ഓളം ഏക്കറില്‍ അധികം ഭൂമി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നിരപ്പാക്കുന്നത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പൊതു അവധി ദിവസങ്ങളില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.
ചാലിയാറിലെ ഏറ്റവും കൂടുതല്‍ തീരഭൂമിയുള്ള മുറിഞ്ഞമാടില്‍ നേരത്തെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസം പാക്കേജിനുള്ള പദ്ധതിയുടെ ഭാഗമായി വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും ജില്ലാ ടൂറിസം വകുപ്പിനോട് ആവശ്യമായ പദ്ധതി നിര്‍വഹണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ടൂറിസത്തിന്റെ പ്രാധാന്യം കണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യമായ സഹായ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി സ്വകാര്യ കമ്പനിക്ക് പദ്ധതി തുടങ്ങാനായി അനുമതി നല്‍കുകയായിരുന്നു.
പ്രതി വര്‍ഷം 60000 രൂപ നിരക്കില്‍ പഞ്ചായത്തിലേക്ക് വിനോദ നികുതി അടക്കുന്ന രീതിയിലായിരുന്ന സമ്മത പത്രം നല്‍കിയത്. കോടികള്‍ വിലമതിക്കുന്ന റവന്യൂ ഭൂമി ടൂറിസത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ പദ്ധതി. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി ഹെലിപ്പാട് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഈ ഭാഗത്ത് നടപ്പിലാക്കുന്നത്.
എസ്‌കവേറ്റര്‍ ഉപയോഗിച്ച് ആവശ്യമായ സ്ഥലം സൗകര്യപെടുത്തല്‍ ആരംഭിച്ചതോടെ പരിസരവാസികളായ പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. പുഴയോര  ഭൂമി ആയതിനാല്‍ പുഴ സംരക്ഷണ സമിതി ചെയര്‍മാനായ ജില്ലാ കലക്ടറുടെ അനുമതി അനിവാര്യമാണ്. വിദഗ്ദ്ധ സമിതിയുടെ കീഴില്‍ പരിസ്ഥിതി പഠനം നടത്താതെ ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലെന്ന നിര്‍ദേശം പാലിക്കാതെയാണ് കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത്. കമ്പനിക്ക് ജില്ലാ കലക്ടറുടെ അനുമതി പത്രം ഉണ്ടെന്ന് അവകാശപെട്ടാണ് പ്രവര്‍ത്തി അരംഭിച്ചത്. എന്നാല്‍ വില്ലേജ് ഓഫീസര്‍പോലും ഇത്തരം പദ്ധതിയെ കുറിച്ച് അറിഞ്ഞിട്ടില്ല. ചാലിയാറിലെ മലിനീകരണം സംബന്ധിച്ച് ജില്ലാ കലടക്ടര്‍ വിളിച്ച് ചേര്‍ത്ത സമീപ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പുഴയോര കൈയേറ്റം കര്‍ശനമായി നേരിടുമെന്ന് തീരുമാനം കൈകൊണ്ടതാണ്.
കൈയേറ്റം ഉള്‍പെടെ ചാലിയാര്‍ മലിനമാക്കുന്നത് തടയുവാന്‍ ഏഴ് ദിവസത്തെ സാവകാശമാണ് യോഗത്തില്‍ കൈകൊണ്ടത്. എന്നാല്‍ പ്രസ്തുത യോഗത്തില്‍ കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ചാലിയാറിന്റെ തീരം കൈയേറാനുള്ള സ്വകാര്യ കമ്പനിക്കെതിരെ വ്യാപകമായി ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കുകയായിരുന്നു.  അരീക്കോട് മേഖല ജല സംരക്ഷണ സമിതി ഭാരവാഹികള്‍ അനധികൃത നിര്‍മാണത്തിനെതിരെ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി ന ല്‍കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it