10 പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും

മഞ്ചേരി: കോട്ടക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചു സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി പ്രഖ്യാപിച്ചു. 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവും 71,000 രൂപ പിഴയുമാണ് മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷ വിധിച്ചത്. കോട്ടക്കല്‍ കുറ്റിപ്പുറം പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു (45), അബൂബക്കര്‍ (50) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റിപ്പുറം അമരിയില്‍ അബുസൂഫിയാന്‍, പള്ളിപ്പുറം യൂസുഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, പള്ളിപ്പുറം ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാന്‍, തയ്യില്‍ സൈതലവി, പള്ളിപ്പുറം അബ്ദു ഹാജി, തയ്യില്‍ മൊയ്തീന്‍കുട്ടി, പള്ളിപ്പുറം അബ്ദു റഷീദ്, അമരിയില്‍ ബീരാന്‍ എന്നിവരെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്.
കൊലപാതകത്തിനു ജീവപര്യന്തം തടവും 50,000 രൂപ പിഴയും വധശ്രമത്തിന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും തടഞ്ഞുവയ്ക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം തടവും 5,000 രൂപ പിഴയും ഒരു വര്‍ഷം തടവും 3,000 രൂപ പിഴയും ഒരുമാസം തടവും വിധിച്ചു. 143, 147, 148 വകുപ്പുകള്‍ പ്രകാരം മൂന്നു മാസം വീതം തടവനുഭവിക്കാനും 1,000 രൂപ വീതം പിഴയൊടുക്കാനും വിധിയില്‍ പറയുന്നു. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയൊടുക്കാത്തപക്ഷം ആറു മാസം അധികതടവ് അനുഭവിക്കണം. 11 പ്രതികളുള്ള കേസില്‍ 10 പേര്‍ക്കെതിരേയുള്ള ശിക്ഷയാണ് വിധിച്ചത്. കേസിലെ ഏഴാം പ്രതി അമരിയില്‍ മുഹമ്മദ് ഹാജി വിചാരണക്കാലയളവില്‍ മരിച്ചിരുന്നു.
2008 ആഗസ്ത് 29 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ അഹ്മദ്കുട്ടി എന്ന കുഞ്ഞാവ ഹാജിക്കൊപ്പം ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു അബ്ദുവും അബൂബക്കറും. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും അബ്ദുവിനെയും അബൂബക്കറിനെയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ പ്രതികളെ കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം രാജേഷ് കോടതിയില്‍ ഹാജരായി. 22 സാക്ഷികളെയും 73 രേഖകളും 34 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it