ഹോട്ടലുടമയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

മാവേലിക്കര: കടയടച്ചു രാത്രി വീട്ടിലേക്കു പോവുകയായിരുന്ന ഹോട്ടലുടമ പല്ലാരിമംഗലം പൊന്നേഴ പടിഞ്ഞാറ് പുന്തിലേത്ത് ഓമനക്കുട്ടന്‍പിള്ളയെ (58) കുത്തിക്കൊലപ്പെടുത്തിയ കേസി ല്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം. മാവേലിക്കര ഈരേഴ വടക്ക് പറയന്റെ കുറ്റിയില്‍ വടക്കേതില്‍ ജ്യോതിഷ്‌ലാലിനെ (25) യാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി മുഹമ്മദ് വാസിം ജീവപര്യന്തം തടവിന് വിധിച്ചത്. അന്യായ തടങ്കല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഓമനക്കുട്ടന്‍പിള്ളയുടെ ഭാര്യക്ക് പ്രതി 10,000 രൂപ പിഴയും നല്‍കണം. അല്ലെങ്കില്‍ രണ്ടുവര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രതിയുടെ കാമുകി കോടതിയിലും പോലിസിലും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. കേസിലെ രണ്ടാംപ്രതി കല്ലുമല ഉമ്പര്‍നാട് തൂമ്പുങ്കല്‍ കിഴക്കേതില്‍ ബിപിന്‍ ബി കോശിയെ (24) നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.

34 സാക്ഷികളും 15 തൊണ്ടിമുതലുകളും 43 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രമണന്‍പിള്ള, അഭിഭാഷകരായ ഒമര്‍ സലിം, ജീവന്‍ ജോയി എന്നിവര്‍ ഹാജരായി.2004 ആഗസത്് അഞ്ചിന് രാത്രി മുള്ളിക്കുളങ്ങര ഓര്‍ത്തഡോക്‌സ് ചാപ്പലിന് മുന്നിലായിരുന്നു കൊലപാതകം. കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു.  കായംകുളം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു സമീപത്തെ ഹോട്ടല്‍ അടച്ചു വീട്ടിലേക്കു പോവുകയായിരുന്ന ഓമനക്കുട്ടന്‍ പിള്ളയുടെ സ്‌കൂട്ടറും ജേ്യാതിഷ് ലാലിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ജേ്യാതിഷ് ലാല്‍ കത്തി ഉപയോഗിച്ച് ഓമനക്കുട്ടന്‍ പിള്ളയെ കുത്തുകയും പണം അപഹരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.   രാത്രി വൈകിയും ഓനമക്കുട്ടന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനു സമീപത്ത് റോഡരികില്‍ ഓമനക്കുട്ടന്‍പിള്ള വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു ഓമനക്കുട്ടന്‍പിള്ളയെ വീട്ടിലെത്തിച്ച ശേഷം ധരിച്ചിരുന്ന മഴക്കോട്ടും ഷര്‍ട്ടും ഊരി നടത്തിയ പരിശോധനയിലാണ്  വയറ്റില്‍ കുത്തേറ്റു കുടല്‍ പുറത്തേക്കു വന്നതായി കണ്ടത്. മരിച്ചു കിടന്ന സ്ഥലത്തും ധരിച്ച വസ്ത്രങ്ങളിലും രക്തം കാണപ്പെടാതിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് ആദ്യം സംശയം തോന്നിയിരുന്നില്ല. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് മനസ്സിലായത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട്   ഉദരഭാഗത്തേറ്റ കുത്തില്‍ കുടല്‍ പുറത്തേക്കു വന്നതിനാല്‍ രക്തം ഉള്ളില്‍ കെട്ടിക്കിടക്കുകയായിരുന്നെന്ന് റിപോര്‍ട്ടില്‍  പറയുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it