ഹൈദരാബാദ് സര്‍വകലാശാല: ക്ലാസ്സുകള്‍ തുടങ്ങാന്‍ വിദ്യാര്‍ഥികള്‍ സമ്മതിച്ചതായി പുതിയ വിസി

ഹൈദരാബാദ്: ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രക്ഷോഭം നടത്തുന്ന ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ ക്ലാസ്സുകളും സര്‍വകലാശാല പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാന്‍ സമ്മതിച്ചതായി പുതുതായി വൈസ് ചാന്‍സലറുടെ ചുമതലയേറ്റെടുത്ത എം പെരിയസാമി പറഞ്ഞു.
രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ജനുവരി 17 മുതല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. എന്നാല്‍, സാമൂഹിക നീതിക്കു വേണ്ടിയുള്ള സംയുക്ത സമര സമിതിയുടെ യോഗത്തിനുശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഭരണ പദവികളില്‍ നിന്നു വിട്ടുനിന്ന ദലിത് അധ്യാപകന്‍ തങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് പെരിയസാമി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ മാനവ വികസന വകുപ്പിന്റെ ചുമതലയാണെന്നും എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് വരുന്നതുവരെ കുറ്റാരോപിതരായവരെ ഭരണകാര്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ അപ്പാറാവുവിനു ശേഷം വിസിയുടെ ചുമതല ഏറ്റെടുത്ത വിപിന്‍ ശ്രീവാസ്തവ അവധിയെടുത്തതിനെ തുടര്‍ന്നാണ് പെരിയസാമി അധികാരമേറ്റത്. ജീവനക്കാരുടെ ശമ്പളവും വിദ്യാര്‍ഥികളുടെ സ്റ്റൈപന്റും ഫെല്ലോഷിപ്പും വിതരണം ചെയ്യാനും അദ്ദേഹം ധനകാര്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it