ഹെഡ്‌ലിയെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ അനുമതി

മുംബൈ: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സ്വദേശിയായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ പ്രതി ചേര്‍ക്കാന്‍ പ്രത്യേക കോടതി അനുമതി നല്‍കി. അടുത്ത മാസം 10ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹെഡ്‌ലിയെ കോടതിയില്‍ വിസ്തരിക്കണം. ആക്രമണത്തില്‍ ഹെഡ്‌ലിക്ക് പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി അമേരിക്കന്‍ അധികൃതര്‍ക്കു സമന്‍സ് അയക്കാനും മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി ജി എ സനപ് ഉത്തരവിട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയും ലഷ്‌കര്‍ നേതാവുമായ സയ്യിദ് സബീ ഉദ്ദീന്‍ അന്‍സാരി അബൂജുന്‍ദാലിനെ വിചാരണ ചെയ്യുന്നതിനിടെയാണ് കേസില്‍ ഹെഡ്‌ലിയേയും പ്രതി ചേര്‍ക്കണമെന്നു കോടതി ഉത്തരവിട്ടത്.
ഇപ്പോള്‍ അമേരിക്കന്‍ ജയിലില്‍ കഴിയുന്ന 35കാരനായ ഹെഡ്‌ലിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം എട്ടിനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം ഹരജി സമര്‍പ്പിച്ചത്. ഹെഡ്‌ലി അമേരിക്കന്‍ പൗരനായതിനാല്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്കു കീഴില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാനും വിസ്തരിക്കാനും അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013ല്‍ ഹെഡ്‌ലിയെ 35 വര്‍ഷം കഠിന തടവിന് അമേരിക്കന്‍ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമണം നടന്നത് ഇന്ത്യയിലായതിനാലും മുംബൈ ഭീകരാക്രമണത്തില്‍ ക്രിമിനല്‍ ഗൂഡാലോചനയുള്‍പ്പെടെയുളള അദ്ദഹത്തിന്റെ പങ്ക് വ്യക്തമായതിനാലും ഇന്ത്യന്‍ നിയമപ്രകാരമുള്ള ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ആക്രമണം നടന്ന പ്രദേശങ്ങളില്‍ ഹെഡ്‌ലി മുമ്പു നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഈ സ്ഥലങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ആക്രമണം ലക്ഷ്യമിട്ട് സപ്തംബര്‍ 2006, 2007 ഫെബ്രുവരി, 2007 സപ്തംബര്‍, 2008 ഏപ്രില്‍, 2008 ജൂലൈ എന്നിങ്ങനെ അഞ്ച് തവണ ഹെഡ്‌ലി മുംബൈ സന്ദര്‍ശിച്ചിട്ടുണ്ട്. തുടര്‍ന്ന് ആക്രമണം നടത്താനുദ്ദേശിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പാകിസ്താനില്‍ പോയി ലഷ്‌കര്‍ നേതാക്കള്‍ക്ക് കൈമാറിയതായും അവരുമായി ചര്‍ച്ച നടത്തിയതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it