ഹൃദയം ഇനി പഞ്ചാബ് സ്വദേശിയില്‍ മിടിക്കും; അശോകന്‍ യാത്രയായത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുതുരുത്തി പൈങ്കുളം സ്വദേശി അശോകന്‍ യാത്രയായത് ആറുപേര്‍ക്ക് പുതുജീവന്‍നല്‍കി. കഴിഞ്ഞ 27നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച ചെറുതുരുത്തി പൈങ്കുളം സ്വദേശി അശോകന്റെ ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, കരള്‍ എന്നിവയാണു ദാനംചെയ്തത്. ഹൃദയം എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്കു കൊണ്ടുപോയി. അത് ഇനി പഞ്ചാബ് സ്വദേശി വിജയ് കെയിനിന്റെ ശരീരത്തില്‍ തുടിക്കും.

ഇന്നലെ രാവിലെ 8.45ഓടെ ഹൃദയം ഏറ്റുവാങ്ങുന്ന ചെന്നൈ ഫോര്‍ട്ടീസ് മലര്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന എട്ടംഗ വിദഗ്ധസംഘം ദയ ആശുപത്രിയിലെത്തി. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണു ഹൃദയം പുറത്തെടുത്തത്. ഫോര്‍ട്ടീസ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ശ്രീനാഥിന്റെയും അനസ്തറ്റിസ് ഡോ. മുരളീകൃഷ്ണന്റെയും നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് അശോകന്റെ ഹൃദയമെടുക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ആംബുലന്‍സില്‍ വിദഗ്ധരുടെ അകമ്പടിയില്‍ സുരക്ഷിതമായി 41 മിനിറ്റുകൊണ്ട് നെടുമ്പാശ്ശേരിയിലെത്തിച്ചു.

അവിടെനിന്നു ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. പുറത്തെടുത്ത് മൂന്നുമണിക്കൂറിനുള്ളില്‍ ഹൃദയം സ്വീകരിക്കുന്നയാളില്‍ വച്ചുപിടിപ്പിക്കണമെന്നതിനാലാണ് അതിവേഗം ഇവിടെയെത്തിച്ചത്. റോഡ് മാര്‍ഗം ഹൃദയം കൊണ്ടുപോവുന്നതിനാല്‍ പോലിസ് തൃശൂര്‍ മുതല്‍ നെടുമ്പാശ്ശേരിവരെ ഗതാഗതം ക്രമീകരിച്ചിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസക്കാരനായ പഞ്ചാബ് റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ് കെയ്‌നാ(66)ണ് അശോകന്റെ ഹൃദയം സ്വീകരിച്ചത്.കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ ശസ്ത്രക്രിയകളും ഉച്ചതിരിഞ്ഞ് പൂര്‍ത്തിയായി. അശോകന്റെ കരള്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലേക്കും വൃക്ക തിരുവനന്തപുരം കിംസിലേക്കും കണ്ണുകള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കും കൈമാറുമെന്ന് ദയ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കാലടി സ്വദേശി ജോണി (44)ക്കാണ് കരള്‍ വച്ചുപിടിപ്പിക്കുന്നത്. 27ന് രാത്രി 7.30ന് ചെറുതുരുത്തി കൊച്ചിന്‍ പാലത്തില്‍വച്ച് അശോകന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ് ദയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അശോകന്റെ മസ്തിഷ്‌കമരണം ബുധനാഴ്ച സ്ഥിരീകരിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ അശോകന്റെ വൃക്ക, കരള്‍, കണ്ണുകള്‍, ഹൃദയം എന്നിവ ദാനംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.വിവാഹസ്വപ്‌നം സഫലമാവാതെയാണു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായ അശോകന്‍ വിടപറഞ്ഞത്. അടുത്ത 15ലേക്കാണ് അശോകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.  വലിയൊരു സുഹൃദ്‌വലയത്തിനുടമയായ അശോകന്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നുതന്നെയായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളാണു ബുധനാഴ്ച പൊലിഞ്ഞത്.
Next Story

RELATED STORIES

Share it