Districts

സൗഹൃദമല്‍സരം യുഡിഎഫിനെ നാണംകെടുത്തി

മുജീബ് പുള്ളിച്ചോല

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി തര്‍ക്കത്തിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച മലപ്പുറത്തെ പോരാട്ടം യുഡിഎഫിനെ നാണംകെടുത്തിയെങ്കിലും മുസ്‌ലിംലീഗ് ഉശിരുകാട്ടി. സൗഹൃദമല്‍സരമെന്ന പേരില്‍ കോണ്‍ഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടിയിടത്തെല്ലാം ലീഗ് ഒറ്റയ്ക്ക് മല്‍സരിച്ച് തിളക്കമാര്‍ന്ന വിജയമാണു കൈവരിച്ചത്. എന്നാല്‍ വിവിധ പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് ജനകീയ മുന്നണി എന്ന രൂപത്തില്‍ ലീഗിനോട് ഏറ്റുമുട്ടിയപ്പോള്‍ പറയത്തക്ക വിജയമൊന്നും കോണ്‍ഗ്രസ്സിന് നേടാനായില്ല. ചില ഒറ്റപ്പെട്ട ഇടങ്ങളില്‍ പ്രാദേശിക നീക്കുപോക്കുകള്‍ നടത്തിയെന്നല്ലാതെ ലീഗ് മുന്നണിവിട്ട് എവിടെയും മല്‍സരിച്ചില്ല. ലീഗ് നേരിട്ടതാവട്ടെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ടിനെയും. എന്നിട്ടും വിജയം ലീഗിനൊപ്പം നിലകൊണ്ടു. ഇത് ജില്ലയിലെ മുന്നണി സംവിധാനത്തില്‍ ലീഗിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതായി.
മുന്നണി സംവിധാനത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോട് താരതമ്മ്യം ചെയ്യുമ്പോള്‍ യുഡിഎഫിന് കനത്ത നഷ്ടമാണ് മലപ്പുറത്തുണ്ടാക്കിയത്. പല പഞ്ചായത്തുകളിലും നേരിയ വ്യത്യാസത്തിനാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. ഈസി വാക്കോവര്‍ എന്നു കരുതിയിരുന്ന ജില്ലാ പഞ്ചായത്തുകളിലെ പല ഡിവിഷനുകളിലും ബ്ലോക്ക് ഡിവിഷനിലും കടുത്ത മല്‍സരത്തെയാണു നേരിട്ടത്.
22 പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നണിക്കകത്ത് തര്‍ക്കം ഉടലെടുത്തിരുന്നത്. ഇതില്‍ ആറു പഞ്ചായത്തുകള്‍ എല്‍ഡിഎഫോ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയോ കൈപ്പിടിയിലൊതുക്കിയപ്പോള്‍ 16 പഞ്ചായത്തുകള്‍ മുസ്‌ലിംലീഗ് ഒറ്റയ്ക്കു നേരിട്ട് ഭരണം കൈക്കലാക്കി. കാളികാവ് ബ്ലോക്കിലും കോണ്‍ഗ്രസ് ലീഗ് നേരിട്ടുമല്‍സരിച്ചപ്പോള്‍ വിജയം ലീഗിനൊപ്പം നിന്നു. അതേസമയം കൊണ്ടോട്ടി നഗരസഭയില്‍ മുസ്‌ലിംലീഗിനെതിരേ കോണ്‍ഗ്രസ്, സിപിഎം കൂട്ടുകെട്ട് നേരിട്ടപ്പോള്‍ തൂക്കുസഭയിലൂടെ മുസ്‌ലിംലീഗ് അധികാരത്തിനടുത്തെത്തി. പുതുതായി നിലവില്‍വന്ന പരപ്പനങ്ങാടിയില്‍ യുഡിഎഫിനുവേണ്ടി ലീഗ് ഒരുഭാഗത്തുനിന്നും മല്‍സരിച്ചപ്പോള്‍ 20 സീറ്റ് നേടി ലീഗ് കരുത്തുകാട്ടി. എല്‍ഡിഎഫ് നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സിപിഎം നേതൃത്വത്തിലെ മതേതര മുന്നണിയാണ് ലീഗിനോട് ഏറ്റുമുട്ടിയത്. മുന്നണി തര്‍ക്കം രൂക്ഷമായ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കരുവാരക്കുണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി കടുത്ത മല്‍സരത്തിനൊടുവില്‍ വിജയംകണ്ടു. മുന്നണി തര്‍ക്കവും സ്ഥാനാര്‍ഥിയോടുള്ള സമസ്ത ഇകെ വിഭാഗത്തിന്റെ വിയോജിപ്പും ഇവിടെ ലീഗ് സ്ഥാനാര്‍ഥിക്ക് കടുത്ത വെല്ലുവിളിയായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നൂറ് പഞ്ചായത്തുകളില്‍ 91 എണ്ണം യുഡിഎഫിനൊപ്പവും ഒമ്പതു പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പവുമാണു നിലകൊണ്ടത്. എന്നാല്‍ ഇത്തവണ 94 പഞ്ചായത്തില്‍ 59 യുഡിഎഫിനൊപ്പവും 28 എണ്ണം എല്‍ഡിഎഫിനൊപ്പവും നിന്നു. ജില്ലാ പഞ്ചായത്ത് 32 ഡിവിഷനില്‍ കഴിഞ്ഞതവണ 30 ഡിവിഷന്‍ യുഡിഎഫ് കൈയടക്കിയപ്പോള്‍ രണ്ട് ഡിവിഷനാണ് എല്‍ഡിഎഫിന് കിട്ടിയത്. എന്നാല്‍ ഇപ്രാവശ്യം 27 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്. അഞ്ച് ഡിവിഷനുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. 12 നഗരസഭയില്‍ ഒമ്പതെണ്ണം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ മൂന്നെണ്ണം എല്‍ഡിഎഫിനൊപ്പം നിന്നു.
Next Story

RELATED STORIES

Share it