Idukki local

സ്‌കൂള്‍ പ്രവേശനോല്‍സവം; ജില്ലയിലെങ്ങും വര്‍ണക്കാഴ്ചകള്‍

തൊടുപുഴ: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കുരുന്നുകളുടെ ചുവടുവയ്പിനു ജില്ലയില്‍ വര്‍ണാഭമായ തുടക്കം. നെടുങ്കണ്ടം പഞ്ചായത്ത് സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോല്‍സവത്തില്‍ ചെണ്ടമേളത്തോടെയാണ് നവാഗതരെ സ്വീകരിച്ചത്. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ബാബുക്കുട്ടന്‍ ഫഌഗ് ഓഫ് ചെയ്തു.
പ്രവേശനോല്‍സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പൊതുസമ്മേളന ചടങ്ങിനെ ഹൃദ്യമാക്കി. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ രണ്ട് കുരുന്നുകളെ കൊണ്ട് നിലവിളക്ക് തെളിയിച്ച് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടന ചടങ്ങ് വ്യത്യസ്തമാക്കി.
സ്‌കൂളുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സമര്‍ഥരായി വളര്‍ത്തിയെടുക്കാനുള്ള ശക്തമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് എംപി പറഞ്ഞു. കാന്‍സറിന് കാരണമാകാമെന്നതിനാല്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ നിരോധിച്ച ആസ്ബറ്റോസ് ഷീറ്റുകള്‍ മേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോഴും പല വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത് ഒഴിവാക്കാനാവശ്യമായ നടപടികളുണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു. ചടങ്ങില്‍ എം എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പാഠപുസ്തക വിതരണോദ്ഘാടനവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ യൂനിഫോം വിതരണോദ്ഘാടനവും നിര്‍വഹിച്ചു.
ഡിപിഒ ജോസി ജോസ് എസ്എസ്എ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മോളി മൈക്കിള്‍, നിര്‍മല നന്ദകുമാര്‍, ഹെഡ്മിസ്ട്രസ് കെ സി ഏലിയാമ്മ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക രക്ഷകര്‍തൃ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it