kannur local

സ്‌കൂളുകളില്‍ സ്ത്രീസൗഹൃദ ഇ-ടോയ്‌ലറ്റുമായി ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലെ 26സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ഇ-ടോയ്‌ലറ്റും ഒപ്പം നാപ്കിന്‍ ലഭിക്കുന്നതിനും ഉപയോഗിച്ചവ നശിപ്പിച്ചു കളയുന്നതിനുമുള്ള ഇന്‍സിനറേറ്റര്‍ സംവിധാനം സജ്ജമായി. ഇന്നലെ വളപട്ടണം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി എംപി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മറ്റു സ്‌കൂളുകളിലും ഇത് വ്യാപിപ്പിക്കും. സ്‌കൂളുകള്‍ക്കൊപ്പം കണ്ണൂര്‍ സയന്‍സ് പാര്‍ക്ക്, ഗവ. കമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ജില്ലാ ആശുപത്രി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും പൊതു ജനങ്ങള്‍ക്കായി ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചിട്ടുണ്ട്. സ്വയം ഫഌഷ് ചെയ്യുകയും ടോയ്‌ലറ്റിന്റെ ഫ്‌ളോര്‍ നിശ്ചിത ഉപയോഗ ശേഷം സ്വയം വൃത്തിയാക്കുകയും ചെയ്യുന്നതിനാല്‍ ഇതിന്റെ പരിപാലനത്തിന് മുഴുവന്‍ സമയ ജോലിക്കാരെ നിയോഗിക്കേണ്ടതില്ല. നാപ്കിന്‍ വെന്റിങ്ങ് മഷീന്‍, നാപ്കിന്‍ ഇന്‍സിനറേറ്റര്‍ എന്നിവ പെണ്‍കുട്ടികുട്ടികള്‍ക്ക് മാത്രമായ ഇ-ടോയ്‌ലറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.
നാണയമിട്ടാല്‍ ആവശ്യാനുസരണം വെന്റിങ്ങ് മഷീനില്‍ നിന്നും നാപ്കിന്‍ ലഭിക്കും. ഉപയോഗിച്ച നാപ്കിന്‍ സംസ്‌ക്കരിക്കുന്ന സംവിധാനമാണ് നാപ്കിന്‍ ഡിസ്‌ട്രോയര്‍. ഇവ രണ്ടും ഇ-ടോയ്‌ലറ്റിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്.—— സംസ്ഥാനത്ത് മറ്റു പല സ്‌കൂളുകളിലും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചതിന്റെ പ്രയോജനം വിലയിരുത്തിയതിനുശേഷമാണ് ജില്ലാ പഞ്ചായത്ത് ഇ-ടോയ്‌ലറ്റ് പദ്ധതി ജില്ലയിലും നടപ്പിലാക്കുന്നത്. ഇ-ടോയ്‌ലറ്റുകള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും വാറണ്ടിയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കുറഞ്ഞ തുടര്‍ പരിപാലനവും ഉറപ്പുള്ള സ്റ്റീല്‍ സ്ട്രക്ച്ചറും വെള്ളം-വൈദ്യുതി എന്നിവയുടെ കുറഞ്ഞ ഉപഭോഗവുമാണ് ഇവയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഇ ടോയ്‌ലറ്റുകള്‍ നിര്‍മിച്ച ഇറാം സയന്റിഫിക്ക് സൊല്യൂഷന്‍സിന്റെ സാങ്കേതിക സഹായത്തോടുകൂടി കേരള സര്‍ക്കാര്‍ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ആണ് പദ്ധതിക്ക് നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത്ത് മാട്ടൂ ല്‍, അന്‍സാരി തില്ലങ്കേരി, ബ്ലോക്ക് പഞ്ചായത്തംഗം കെ വി ഷക്കീല്‍, ആരോഗ്യ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ െക പി ജയപാലന്‍, വളപട്ടണം ഹയര്‍സെക്കന്റഡറി സ്‌കൂ ള്‍ പ്രിന്‍സിപ്പാള്‍ കെ കെ സുരേന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it