സ്വെറ്റ്‌ലാന അലക്‌സേവിച്ചിന് സാഹിത്യ നൊബേല്‍

സ്‌റ്റോക്‌ഹോം: പീഡാനുഭവങ്ങളുടെയും ധൈര്യത്തിന്റെയും ലിഖിതരേഖ കുറിച്ചിട്ട ബലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സേവിച്ചിന് (67) ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍. ഈ പുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ എഴുത്തുകാരിയാണ് സ്വെറ്റ്‌ലാന. 19 രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അവരുടെ പുസ്തകങ്ങള്‍ സമകാലിക ലോകത്തെ സഹനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും സ്മാരകങ്ങളാണെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാദമി അധ്യക്ഷ സാറ ഡാനിയസ് അഭിപ്രായപ്പെട്ടു.

ബലാറസുകാരനായ അച്ഛന്റെയും ഉക്രെയ്ന്‍കാരിയായ അമ്മയുടെയും മകളായി 1948ല്‍ ഉക്രെയ്ന്‍ നഗരമായ സ്റ്റാനിസ്ലാവിലാണ് സ്വെറ്റ്‌ലാന ജനിച്ചത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയുടെ കഥ പറയുന്ന നിരവധി ഗ്രന്ഥങ്ങള്‍ വിരിഞ്ഞ ആ തൂലികയ്ക്ക് ശക്തി പകര്‍ന്നത് സ്വെറ്റ്‌ലാനയിലെ മാധ്യമപ്രവര്‍ത്തകയാവാം. കമ്മ്യൂണിസത്തിന്റെ പതനം, രണ്ടാം ലോകയുദ്ധം, ചെര്‍ണോബില്‍ ദുരന്തം, സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാന്‍ യുദ്ധം എന്നിവയുമായി ബന്ധപ്പെട്ട അനശ്വര സാഹിത്യങ്ങള്‍ രചിച്ച അവരുടെ ആദ്യ നോവല്‍ ദി അണ്‍വുമണ്‍ലി ഫേസ് ഓഫ് ദി വാര്‍ 1985ലാണ് പുറത്തിറങ്ങിയത്. നാത്‌സി ജര്‍മനിക്കെതിരേ സന്ധിയില്ലാ പോരാട്ടം നടത്തിയ സ്ത്രീകളെ സംബന്ധിച്ച് വിവരിക്കുന്ന ഈ നോവല്‍ 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. മൂന്നു നാടകങ്ങള്‍ എഴുതിയ അവര്‍ 21 ഡോക്യുമെന്ററികള്‍ക്ക് തിരക്കഥ തയ്യാറാക്കുകയും ചെയ്തു. 1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ 14ാമത്തെ സ്ത്രീയാണ് സ്വെറ്റ്‌ലാന. കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ 2013ലെ പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മൊദിയാനോക്കായിരുന്നു. ഇന്നു സമാധാന നൊബേല്‍ പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്ര നൊബേല്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. പുരസ്‌കാര സ്ഥാപകന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10ന് എല്ലാ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
Next Story

RELATED STORIES

Share it