സ്വവര്‍ഗരതി; പുതിയ ഹരജി പരിഗണിക്കാനാവില്ല: സുപ്രിംകോടതി

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: സ്വവര്‍ഗരതിയടക്കമുള്ള പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റകൃത്യമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ ഹരജി സുപ്രിംകോടതി തള്ളി.
എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന തിരുത്തല്‍ ഹരജികളില്‍ പെടുത്തി പരിഗണിക്കാന്‍ ഹരജിക്കാരന് ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരുത്തല്‍ ഹരജികള്‍ പരിഗണിക്കുന്ന പ്രസ്തുത ബെഞ്ചിന് മുന്നിലുള്ള പ്രധാന വിഷയം 377ാം വകുപ്പിന്റെ നിയമ സാധുത തീരുമാനിക്കലാണെന്നും അതിനാല്‍തന്നെ ഇപ്പോഴത്തെ ഹരജിയും പ്രസ്തുത ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കാമെന്നും ഇത് നിലവിലുള്ള പരാതികളില്‍ ഉള്‍പ്പെടുത്തി പരിഗണിക്കണോ എന്ന് ബെഞ്ച് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വവര്‍ഗരതിക്കാരായ നര്‍ത്തകന്‍, എഴുത്തുകാരന്‍, ബിസിനസ് എക്‌സിക്യൂട്ടീവ്, ഹോട്ടല്‍ നടത്തിപ്പുകാരന്‍, പാചകക്കാരന്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. 377ാം വകുപ്പ് തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ലംഘിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു.
തങ്ങള്‍ അതത് തൊഴില്‍ മേഖലകളില്‍ വിജയം പ്രാപിച്ചവരാണെന്നും എന്നാല്‍, 377ാം വകുപ്പ് തങ്ങളുടെ സ്വകാര്യ, പ്രഫഷനല്‍ ജീവിതത്തില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു. വീട്ടിനകത്തെ സ്വകാര്യതയില്‍ പ്രായപൂര്‍ത്തിയാവര്‍ നടത്തുന്ന ഏത്തരം ലൈംഗിക പ്രകടനങ്ങള്‍ക്കും മൗലികാവകാശപ്രകാരമുള്ള നിയമസംരക്ഷണം ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രകൃതിവിരുദ്ധമായ ലൈംഗികത ശിക്ഷാര്‍ഹമാക്കുന്ന 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി 2009ല്‍ വിധിച്ചിരുന്നു. എന്നാല്‍, ഭിന്ന ലിംഗക്കാര്‍ക്ക് അുകൂലമായ ഈ ഉത്തരവ് 2013ല്‍ സുപ്രിംകോടതി റദ്ദ് ചെയ്തു. പ്രസ്തുത വകുപ്പ് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ഉത്തരവാദപ്പെട്ടത് പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെടല്‍.
Next Story

RELATED STORIES

Share it