സ്വതന്ത്രമായ നീതിനിര്‍വഹണത്തിലൂടെ മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ: ഗവര്‍ണര്‍

കൊച്ചി: സ്വതന്ത്രമായ നീതി നിര്‍വഹണത്തിലൂടെ മാത്രമേ സുരക്ഷ ഉറപ്പുവരുത്താനാവൂയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കേസുകളുടെ ആധിക്യമാണ് ജുഡീഷ്യറി നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന നിയമ ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാന്തര നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്കു വേണ്ടി കാത്തു നില്‍ക്കാതെ പലരും ഇന്ന് കോടതിയിലേക്ക് എത്തുകയാണ്. സര്‍ക്കാരാണ് ഏറ്റവും വലിയ വ്യവഹാരി എന്നതു കണക്കിലെടുക്കേണ്ടതുണ്ട്. പലപ്പോഴും അനാവശ്യമായാണ് ഇത്തരം കേസുകള്‍ കോടതിക്ക് മുന്നിലെത്തുന്നത്.
നമ്മുടെ രാജ്യം പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന തിരിച്ചറിവ് ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഉപകരിക്കും. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം ആമുഖത്തിലൂടെ തന്നെ തിരിച്ചറിയാന്‍ കുട്ടികളടക്കമുള്ളവര്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഏറ്റു ചൊല്ലുകയും വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇത് ഇന്ത്യ എന്തെന്ന് തിരിച്ചറിയാനുള്ള അവസരം കുട്ടികളടക്കമുള്ളവര്‍ക്ക് നല്‍കുന്നുണ്ട്. ഓരോ പൗരന്റെയും മൗലീക കടമകള്‍ കൂടി തിരിച്ചറിയാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി ചിഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ആര്‍ ജയപ്രസാദ് സ്വാഗതവും അഡ്വ. എം സോണിയ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it