Districts

സ്വകാര്യ മില്ലിലേക്ക് കടത്തിയ ഒമ്പത് ടണ്‍ റേഷന്‍ ഭക്ഷ്യധാന്യം പിടിച്ചു

പാലക്കാട്: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നു സ്വകാര്യ മില്ലിലേക്കു കടത്തുകയായിരുന്ന ഒമ്പതു ടണ്‍ റേഷന്‍ ഭക്ഷ്യധാന്യം പോലിസ് പിടികൂടി. അഞ്ചു ടണ്‍ ഗോതമ്പും നാലു ടണ്‍ പച്ചരിയുമാണ് കസബ പോലിസ് പിടിച്ചെടുത്തത്. രണ്ടു മിനിലോറികളിലായാണ് ഇവ കടത്തിയിരുന്നത്. ലോറി ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഇരട്ടയാലിലുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നാണ് 100 ചാക്ക് ഗോതമ്പും 80 ചാക്ക് പച്ചരിയും കടത്തിയത്. എത്തനൂരിലെ മില്ലിലേക്കാണ് ഇവ കൊണ്ടുപോയിരുന്നതെന്നു പോലിസ് പറഞ്ഞു. സംശയം തോന്നിയ സാഹചര്യത്തില്‍ പള്ളത്തേരിയില്‍ പോലിസ് ലോറികള്‍ തടഞ്ഞു പരിശോധിക്കുകയായിരുന്നു.

ഡ്രൈവര്‍മാര്‍ കാണിച്ച ബില്ലുകള്‍ വ്യാജമാണെന്നു ബോധ്യമായ സാഹചര്യത്തിലാണ് ലോറികളടക്കം പോലിസ് കസ്റ്റഡിയിലെടുത്തത്. റേഷന്‍കടകളില്‍ വിതരണത്തിന് എത്തിക്കേണ്ട ധാന്യം സ്വകാര്യമില്ലിനു നല്‍കിയതായുള്ള രേഖയും പോലിസ് പിടിച്ചെടുത്തു. നല്ലേപ്പിളളി മുജീബ് ട്രേഡേഴ്‌സിന്റെ പേരില്‍ ധാന്യം അനുവദിച്ചതായാണു ബില്ല്. കൊടുമ്പ് സ്വദേശി മനോജ്, മരുതൂര്‍ സ്വദേശി നാരായണന്‍കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരുമാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. പിടിച്ചെടുത്ത ധാന്യം താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് കൈമാറും. സംഭവത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അവശ്യസാധന നിയമം അനുസരിച്ച് കേസെടുത്തതായി കസബ സിഐ എം ഐ ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it