thrissur local

സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങി; കൊടുങ്ങല്ലൂരില്‍ അങ്കം മുറുകി

മാള: സ്ഥാനാര്‍ഥികള്‍ എത്തിയതോടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ അങ്കത്തിന് കളമൊരുങ്ങി. എല്‍ ഡി എഫിലെ സി പി ഐ സ്ഥാനാര്‍ഥിയായ അഡ്വ വി ആര്‍ സുനില്‍കുമാര്‍, യു ഡി എഫിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ കെ പി ധനപാലന്‍, എന്‍ ഡി എ ഘടക കക്ഷിയായ ബി ഡി ജെ എസ്സിന്റെ അഡ്വ. സംഗീത വിശ്വനാഥനും തമ്മിലാണ് പ്രധാന മല്‍സരം.
മൂവരും പ്രചരണ രംഗത്തെത്ത് സജീവമായതോടെ മല്‍സരം ചൂടുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ടി എന്‍ പ്രതാപനിലൂടെ യു ഡി എഫ് പിടിച്ചെടുത്ത മണ്ഡലം തിരികെ പിടിക്കാന്‍ എല്‍ ഡി എഫും ശക്തി തെളിയിക്കാന്‍ എന്‍ ഡി എയും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. ടി എന്‍ പ്രതാപനിലൂടെ നിയോജക മണ്ഡലത്തില്‍ എത്തിയ വികസനവും 2009-14 കാലഘട്ടത്തില്‍ എം പിയായിരിക്കേ കൊണ്ടുവന്ന വികസനവും വോട്ടായി മാറി തങ്ങള്‍ വിജയകിരീടം ചൂടുമെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ വി കെ രാജന്‍ മാള മണ്ഡലത്തെ പ്രതിനിധീകരിച്ച് കൃഷിമന്ത്രിയായിരിക്കേ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും തങ്ങള്‍ക്കനുകൂലമാകുമെന്ന് എല്‍ ഡി എഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അതേ സമയം ഇരു മുന്നണികളും വികസന മുരടിപ്പാണ് മണ്ഡലത്തിനായി നേടിയതെന്ന് പ്രചരിപ്പിക്കുന്നത് മുഖവിലക്കെടുക്കുന്ന വോട്ടര്‍മാര്‍ തങ്ങളെ വിജയകിരീടം അണിയിക്കുമെന്നാണ് എന്‍ ഡി എയുടെ ആത്മവിശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ട ഈഴവ വോട്ടുകള്‍ ബി ഡി ജെ എസ്സിലുടെ തങ്ങള്‍ക്ക് ലഭിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. ഇനിയും രണ്ടോ മൂന്നോ സ്ഥാനാര്‍ഥികള്‍ കൂടി മല്‍സരരംഗത്ത് എത്താനിടയുണ്ട്.
വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടൂം കൂടിക്കൊണ്ടിരിക്കയാണ്. കൊടുങ്ങല്ലൂര്‍ എന്ന നാമധേയത്തിലറിയപ്പെടുന്ന നിയോജക മണ്ഡലത്തിന്റെ ഭൂരിഭാഗവും പഴയ മാള നിയോജക മണ്ഡലത്തില്‍പ്പെട്ടയിടങ്ങളാണ്. കൂടെ കൊടുങ്ങല്ലൂര്‍ നഗരസഭയും പഴയ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുമുണ്ട്. കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ കെ ജി ശിവാനന്ദനെ 9432 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ടി എന്‍ പ്രതാപന്‍ വിജയകിരീടം ചൂടിയത്.
ടി എന്‍ പ്രതാപന് 64495 വോട്ടും കെ ജി ശിവാനന്ദന് 55063 വോട്ടും ബി ജെ പി യുടെ ഐ ആര്‍ വിജയന്‍ 6732 വോട്ടുമാണ് നേടിയത്. കെ കരുണാകരന്‍ മാളയെ പ്രതിനിധീകരിച്ചിരുന്നകാലത്ത് യു ഡി എഫ് ആര്‍ക്കും വിട്ടു കൊടുക്കാതിരുന്ന പഴയ മാള നിയോജക മണ്ഡലം അദ്ദേഹം മണ്ഡലം വിട്ട ശേഷം മാറിമാറി മുന്നണികളെ തുണക്കുകയാണ്. ഇത്തവണയും ആ അവസ്ഥ തുടരുമോയെന്നാണ് മണ്ഡലത്തിലെ വോട്ടര്‍മാരും മറ്റും ഉറ്റുനോക്കുന്നത്. അഴിമതിയും വികസനവും സദാചാരവും മറ്റും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ മണ്ഡലം ആരെ തുണക്കുമെന്നത് മെയ് 19 വരെ കാത്തിരിക്കണമല്ലോയെന്നത് രാഷ്ട്രീയക്കാരില്‍ പിരിമുറുക്കമുണ്ടാക്കുന്നുമുണ്ട്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നിയോജക മണ്ഡലത്തില്‍ 12934 വോട്ടിന്റെ ലീഡ് നേടിയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 3973 വോട്ടിന്റെ ലീഡും ഇടതുമുന്നണി നേടിയിരുന്നു. 2016 ജനുവരി ഒന്നിലെ കണക്ക് പ്രകാരം നിയോജക മണ്ഡലത്തില്‍ ആകെ 182446 വോട്ടര്‍മാരാണുള്ളത്. 87742 പുരുഷന്‍മാരും 94704 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
Next Story

RELATED STORIES

Share it