സോളാര്‍ കേസ്: അന്വേഷണസംഘത്തിന് രൂക്ഷ വിമര്‍ശനം; ഉന്നതബന്ധത്തെക്കുറിച്ചന്വേഷിക്കുന്നതിന് സാധാരണക്കാരന്റെ ചിന്തപോലും ഉപയോഗിച്ചില്ല

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്റെ രൂക്ഷ വിമര്‍ശനം. ദക്ഷിണ മേഖലാ എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘം, സോളാര്‍ കേസുമായി ബന്ധപ്പെട്ട ഉന്നത ബന്ധത്തെക്കുറിച്ചന്വേഷിക്കുന്നതിന് ചായക്കടയില്‍ പത്രം വായിക്കാന്‍ എത്തുന്ന സാധാരണക്കാരന്റെ ചിന്തപോലും ഉപയോഗിച്ചില്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.
പ്രത്യേകാന്വേഷണ സംഘാംഗം ഡിവൈഎസ്പി ഹരികൃഷ്ണന്റെ മൊഴിയെടുക്കുമ്പോഴായിരുന്നു കമ്മീഷന്റെ ഈ പരാമര്‍ശം. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് 33 കേസുകളില്‍ 11 കേസുകള്‍ അന്വേഷിച്ചിരുന്നത് ഡിവൈഎസ്പി ഹരികൃഷ്ണനാണ്. ദിവസങ്ങളോളം നിയമസഭാ സ്തംഭിക്കുന്നതിന് കാരണമായ സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരേയുള്ള ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തില്‍ തീരുമാനമുണ്ടായോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ഹരികൃഷ്ണന്‍ ഒഴിഞ്ഞുമാറിയപ്പോഴായിരുന്നു കമ്മീഷന്റെ നിശിതവിമര്‍ശനം. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ ഒരു ദിവസം ആരംഭിക്കുന്ന സാധാരണക്കാരന്റെ ചിന്തപോലും പ്രത്യേക അന്വേഷണ സംഘത്തിനില്ല. ചായയ്‌ക്കൊപ്പം സാധാരണക്കാരന്‍ പത്രം അരിച്ചുപെറുക്കി ചര്‍ച്ചകളും നടത്താറുണ്ട്. സമൂഹത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ അഭിപ്രായപ്രകടനങ്ങളും നടത്തും. എന്നാല്‍, ഇത്തരം ഒരു ചിന്തപോലും ഉന്നത ഉദ്യോഗസ്ഥരില്‍നിന്നുണ്ടായില്ല. പിന്നെന്തിനാണ് ഒരു പ്രത്യേക അന്വേഷണ സംഘമെന്നും കമ്മീഷന്‍ ചോദിച്ചു.
കമ്മീഷന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഹരികൃഷ്ണനെ സഹായിക്കാന്‍ തുനിഞ്ഞ ഗവണ്‍മെന്റ് പ്ലീഡര്‍ക്കും കമ്മീഷന്‍ താക്കീത് നല്‍കി. പോലിസ് ചീഫിനെ വിശദീകരിക്കേണ്ട ആവശ്യം ഗവണ്‍മെന്റ് പ്ലീഡര്‍ക്കില്ലെന്ന് കമ്മീഷന്‍ തുറന്നടിച്ചു. സരിത എസ് നായരെ ആദ്യം അറസ്റ്റ് ചെയ്ത ദിവസവും സമയവും സംബന്ധിച്ച് ഡിവൈഎസ്പി നല്‍കിയ മൊഴി നേരത്തേ തലശ്ശേരി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് നല്‍കിയ മൊഴിക്ക് വിരുദ്ധമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. 2013 ജൂണ്‍ 3ന് പുലര്‍ച്ചെ 4നാണ് സരിതയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ഹരികൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. എന്നാല്‍, 2ന് രാത്രി 11.30നാണ് അറസ്റ്റ് ഉണ്ടായതെന്ന് നേരത്തേ തലശ്ശേരി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നു.
ഈ മൊഴികളിലെ വൈരുധ്യമാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. സരിതയില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ മാത്രമാണ് അറസ്റ്റ് സമയത്ത് കണ്ടെത്തിയതെന്നും സരിതയുടെ വീട്ടില്‍ പരിശോധന നടത്തിയിട്ടില്ലെന്നും ഡിവൈഎസ്പി ഹരികൃഷ്ണന്‍ മൊഴി നല്‍കി. വീടിന് തൊട്ടു സമീപത്തുനിന്ന് സരിതയെ അറസ്റ്റ് ചെയ്തിട്ടും വീട് പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന കമ്മീഷന്റെ ചോദ്യത്തിന് പ്രത്യേക കാരണം ഇല്ലെന്നും ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും ഡിവൈഎസ്പി മറുപടി നല്‍കി. ഡിവൈഎസ്പി ഹരികൃഷ്ണന്റെ മൊഴിയെടുക്കല്‍ ഇന്ന് വീണ്ടും തുടരും.
Next Story

RELATED STORIES

Share it