സെര്‍ബ് നേതാവ് വോജിസ്ലാവ് സെസെല്‍ജിനെ കുറ്റവിമുക്തനാക്കി

ജനീവ: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ വിചാരണ നേരിട്ടിരുന്ന സെര്‍ബ് നേതാവ് വോജിസ്ലാവ് സെസെല്‍ജിനെ (61) കേസുകള്‍ പരിഗണിക്കുന്ന യുഎന്‍ ജഡ്ജിമാര്‍ കുറ്റവിമുക്തനാക്കി. 1990ലെ ബാല്‍കന്‍ യുദ്ധകാലത്ത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് സെസെല്‍ജിനെതിരായുള്ള കേസ്. മുന്‍ യൂഗോസ്ലാവിയയിലെ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന യുഎന്‍ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് സെസെല്‍ജ് കുറ്റക്കാരനല്ലെന്നു വിധിച്ചത്.
സെസെല്‍ജിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടുവെന്ന് കേസ് പരിഗണിച്ച ജഡ്ജി ഴാങ് ക്ലോദ് അന്റൊണെറ്റി പറഞ്ഞു.
ക്രോട്ട്, മുസ്‌ലിം, സെര്‍ബ് വംശജരല്ലാത്ത നിരവധിപേരുടെ കൊലപാതകത്തിനു പിറകില്‍ സെസെല്‍ജാണെന്ന് വാദിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. സെസെല്‍ജിന്റെ ആളുകള്‍ (സെസെല്‍ജ്‌സ് മെന്‍) എന്നറിയപ്പെട്ടിരുന്ന സായുധ വിഭാഗത്തിന് ഇയാള്‍ നേതൃത്വംനല്‍കിയിരുന്നു. ബോസ്‌നിയ-ഹെര്‍സെഗോവിന, ക്രൊയേഷ്യ, സെര്‍ബിയ എന്നിവിടങ്ങളില്‍ നിന്നു പതിനായിരക്കണക്കിന് സെര്‍ബ് ഇതര വിഭാഗക്കാരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിന് സെസെല്‍ജ് നേതൃത്വം നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം സെസെല്‍ജിനെ കുറ്റവിമുക്തനാക്കിയത് ആശ്ചര്യകരമായ വിധിയാണെന്ന് യൂഗോസ്ലാവിയന്‍ യുദ്ധക്കുറ്റ കോടതിയുടെ പ്രധാന പ്രോസിക്യൂട്ടര്‍ സെര്‍ജ് ബ്രാമ്മെര്‍ട്ട്‌സ് പറഞ്ഞു. വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it