Pathanamthitta local

സുഭക്ഷിത ബാല്യം സുന്ദര ബാല്യം: ആദ്യഘട്ടം സീതത്തോട് പഞ്ചായത്തില്‍

പത്തനംതിട്ട: ജില്ലയിലെ ആദിവാസി മലയോര മേഖലകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സുഭക്ഷിത ബാല്യം-സുന്ദര ബാല്യം പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ സീതത്തോട് പഞ്ചായത്തില്‍ ആരംഭിക്കും. പഞ്ചായത്തിലെ പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ 400 കുട്ടികള്‍ക്ക് സ്‌കൂള്‍/അങ്കണവാടി പ്രവൃത്തി ദിവസങ്ങളില്‍ രണ്ടുനേരവും അവധി ദിവസങ്ങളില്‍ മൂന്നു നേരവും ഭക്ഷണം ലഭ്യമാക്കാന്‍ പഞ്ചായത്തുതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
രക്ഷകര്‍ത്തൃത്വത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ജീവിത നൈപുണ്യ വ്യക്തിത്വ വികസനത്തെക്കുറിച്ച് കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. സ്‌കൂളുകളിലൂടെയും അങ്കണവാടികളിലൂടെയും പോഷകാഹാരം വിതരണം ചെയ്യുന്നതിലൂടെ കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനൊപ്പം ഇവരെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനാവുമെന്നും പദ്ധതി വിശദീകരിച്ച ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍ പറഞ്ഞു.
പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്തുതലത്തില്‍ പ്രസിഡന്റ്, വാര്‍ഡംഗങ്ങള്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന സബ് കമ്മിറ്റി രൂപീകരിച്ചു. പദ്ധതിക്ക് മുന്നോടിയായി കലാപരിപാടിയും ഭക്ഷ്യമേളയും സംഘടിപ്പിക്കും.
കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് അങ്കണവാടി, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഫെബ്രുവരി 15ന് ഏകദിന ബോധവല്‍ക്കരണ പരിപാടി നടത്തും. ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്തുതല ചൈല്‍ഡ് പ്രൊട്ടക് ഷന്‍ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് ജി നന്ദകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി സുരേഷ്, വാര്‍ഡംഗങ്ങളായ സജി മധു, സുമേഷ്‌കുമാര്‍, പ്രമോദ്, എസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രസന്ന, സീതത്തോട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it