Districts

സീസറുടെ ഭാര്യ: മാണി സുപ്രിംകോടതിയിലേക്ക്

കൊച്ചി: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരേ കെ എം മാണി സുപ്രിംകോടതിയെ സമീപിച്ചേക്കും. ഇതു സംബന്ധിച്ചു സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകരോടും അഡ്വക്കറ്റ് ജനറലിനോടും മാണി നിയമോപദേശം തേടി. പ്രധാനമായും ജസ്റ്റിസ് ബി കമാല്‍പാഷയുടെ ഉത്തരവിലെ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന പരാമര്‍ശവും, മാണി മന്ത്രിപദത്തിലിരുന്ന് അന്വേഷണത്തെ നേരിടുന്നത് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന ഭാഗവും നീക്കിക്കിട്ടണമെന്നായിരിക്കും പ്രധാന ആവശ്യം. തന്നെ കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരേ പരാമര്‍ശം നടത്തിയതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടും.
വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ക്രിമിനല്‍ ഒറിജിനല്‍ പെറ്റീഷനാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. ഇത്തരം ഹരജികള്‍ ഒരിക്കല്‍ പരിഗണിച്ച് തീര്‍പ്പാക്കിയാല്‍ പിന്നീട് ഹൈക്കോടതിയില്‍ തന്നെ അപ്പീല്‍ സാധ്യമാകില്ല. അതിനാല്‍, സുപ്രിംകോടതിയെ സമീപിക്കലാണ് ഇനിയുള്ള മാര്‍ഗം.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേയുള്ള കോടതി പരാമര്‍ശവും കേസിലെ തെളിവുകള്‍ സംബന്ധിച്ച പരാമര്‍ശവും ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍, മാണിക്കെതിരേയുള്ള വാചകങ്ങള്‍ നീക്കിക്കിട്ടിയാല്‍ മന്ത്രിപദത്തില്‍ തിരിച്ചെത്താനാവുമെന്നാണ് കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it