സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ കഴിയില്ല: കോവൂര്‍ കുഞ്ഞുമോന്‍

തിരുവനന്തപുരം: പുതുതായി രൂപീകരിച്ച ആര്‍എസ്പി ലെനിനിസ്റ്റ് സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ നടക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫോര്‍ട്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്യും. അമ്പലത്തറ ശ്രീധരന്‍നായര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഎം പിബി അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു പങ്കെടുക്കും.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കണോ വേണ്ടയോ എന്നത് എല്‍ഡിഎഫ് തീരുമാനിക്കേണ്ടതാണെന്നും എന്നാല്‍ ഇതുവരെ അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കി. എന്നാല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ കഴിയില്ല. ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എല്ലാ കക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തനവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരേ സന്ധിയില്ലാ സമരം നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കുഞ്ഞുമോന്‍ പറഞ്ഞു.
യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ സംസ്ഥാനത്ത് ആശങ്കയുണ്ടാക്കിയാണ് മുന്നോട്ടുപോവുന്നത്. ഈ ഭരണം അവസാനിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. എ എ അസീസിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ഒന്നരവര്‍ഷമായി ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. കശുവണ്ടി തൊഴിലാളികളെ മറക്കുന്ന സമീപനമാണ് എന്‍ കെ പ്രേമചന്ദ്രനും സ്വീകരിക്കുന്നത്. ഇവരുടെ സ്ഥിതി എന്താവുമെന്ന് വരുംനാളുകളില്‍ കാലം തെളിയിക്കും. നാവായിക്കുളം പഞ്ചായത്ത് മെംബര്‍ സ്ഥാനം മുതല്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും മന്ത്രിയും ആയതും എല്‍ഡിഎഫില്‍ നിന്നാണ്. അത് അദ്ദേഹം മറക്കരുത്. ദേശീയ നേതാക്കളുടെ നിലപാടില്‍ അടിയുറച്ച് ആര്‍എസ്പി ലെനിനിസ്റ്റ് മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it